ബ്രസീലിയ : ബ്രസീലിൽ വിമാനം തകർന്നുവീണു. അപകടത്തിൽ 62 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാസ്‌കവലിൽ നിന്ന് ഗ്വാറുലോസിലേക്ക് പോകുകയായിരുന്ന വിമാനം ബ്രസീലിലെ സാവോപോളോയിൽ വച്ചാണ് തകർന്നുവീണത്.
ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റിലെ ഒരു ജനവാസ മേഖലയിൽ ആണ് വിമാനം തകർന്നു വീണത്. അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. സാവോ പോളോയിലെ ഗ്വാറുലോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്ന വിമാനമാണ് തകർന്നുവീണതെന്ന് എയർലൈൻ വോപാസ് സ്ഥിരീകരിച്ചു. 58 യാത്രക്കാരും 4 ജീവനക്കാരും അടക്കം 62 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
ബ്രസീലിലെ കാസ്‌കാവെലിൽ നിന്ന് സാവോ പോളോയിലേക്ക് പോവുകയായിരുന്നു വോപാസ് ഫ്ലൈറ്റ് 2283 ആണ് അപകടത്തിൽ പെട്ടിട്ടുള്ളത്. ബ്രസീലിയൻ സമയം രാവിലെ 11:50 ന് കാസ്‌കവലിൽ നിന്ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് 1:40 ന് സാവോപോളോയിൽ ഇറങ്ങേണ്ടതായിരുന്നു. മരക്കൂട്ടം നിറഞ്ഞുനിൽക്കുന്ന ഒരു മേഖലയിൽ വിമാനം തകർന്നു വീഴുന്നതും വലിയ പുക ഉയരുന്നതുമായ വീഡിയോ ദൃശ്യങ്ങൾ ബ്രസീലിയൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.
Discussion about this post