ഛണ്ഡീഗഡ്: ഹരിയാനയിലെ സ്‌കൂളുകളിൽ ഗുഡ് മോണിംഗിന് പകരം ഇനി ജയ്ഹിന്ദ്. അദ്ധ്യാപകരെ ജയ് ഹിന്ദ് പറഞ്ഞ് ആശംസിച്ചാൽ മതിയെന്ന് നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്വാതന്ത്ര്യദിവനം മുതൽ ഈ രീതി പ്രാവർത്തികമാക്കാനാണ് സ്‌കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
കുട്ടികൾക്കിടയിൽ ചെറുപ്പം മുതൽ തന്നെ ദേശസ്‌നേഹം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം എല്ലാ സ്‌കൂളുകളിലെയും വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രധാന അദ്ധ്യാപകർക്കും നൽകുമെന്ന് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസ് ആണ് ജയ് ഹിന്ദ് എന്ന വാചകം ആദ്യമായി ഉപയോഗിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം ഉയർത്തിയ ഈ വാചകം പിൽക്കാലത്ത് നമ്മുടെ സേനയുടെ മുദ്രാവാക്യമായി മാറിയെന്നും ഡയറക്ടറുടെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
അതേസമയം ഈ തീരുമാനത്തെ വലിയ സന്തോഷത്തോടെയാണ് അദ്ധ്യാപകർ വരവേൽക്കുന്നത്. ഈ തീരുമാനം കുട്ടികളിൽ രാജ്യ സ്‌നേഹം വളർത്തുമെന്നാണ് ഇവർ പറയുന്നത്.
Discussion about this post