തിരുവനന്തപുരം : തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ വനിതാ വ്ലോഗർ നടത്തിയ വീഡിയോ ചിത്രീകരണം വിവാദത്തിലേക്ക്. യാതൊരു അനുമതിയും ഇല്ലാതെയാണ് വനിതാ വ്ലോഗർ ഈ വീഡിയോ ചിത്രീകരണം നടത്തിയത് എന്നാണ് സൂചന. സ്പെഷ്യൽ സെക്രട്ടറിയ്ക്ക് അനൗദ്യോഗികമായി നൽകിയ യാത്രയയപ്പ് ചടങ്ങിന്റെ വീഡിയോ ആണ് വ്ലോഗർ ചിത്രീകരിച്ചത്.
അക്രഡിറ്റേഷൻ ഉള്ള മാദ്ധ്യമപ്രവർത്തകർക്ക് പോലും സെക്രട്ടറിയേറ്റിൽ നിയന്ത്രണങ്ങൾ ഉള്ളതാണ്. സുരക്ഷ കണക്കിലെടുത്ത് സിനിമ ചിത്രീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലും വിലക്കിയിട്ടുള്ള സ്ഥലത്താണ് ഇപ്പോൾ അനുമതിയില്ലാതെ വീഡിയോ ചിത്രീകരണം നടത്തിയിരിക്കുന്നത്. അനുമതിയില്ലാതെ ഈ വനിത എങ്ങനെ അകത്തു കയറുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു എന്നുള്ളത് അന്വേഷിക്കണം എന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
ആഭ്യന്തരവകുപ്പാണ് സെക്രട്ടറിയേറ്റിൽ ഏതെങ്കിലും തരത്തിലുള്ള ചിത്രീകരണം നടത്തുന്നതിന് അനുമതി നൽകേണ്ടത്. കഴിഞ്ഞ ഒരു വർഷമായി സെക്രട്ടറിയേറ്റിന്റെ വീഡിയോ ചിത്രീകരിക്കാൻ ആർക്കും തന്നെ ആഭ്യന്തരവകുപ്പ് അനുമതി നൽകിയിട്ടില്ല. സെക്രട്ടറിയേറ്റിലെ ഇടതു സംഘടനകളുടെ ചേരിപ്പോരാണ് വനിതാ വ്ലോഗറുടെ വീഡിയോ ചിത്രീകരണത്തിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.
Discussion about this post