വയനാട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് വയനാട് വിംസ് ആശുപത്രിയിൽ വികാരനിർഭരമായ രംഗങ്ങളാണ് ദൃശ്യമായത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളോട് ഏറെ സ്നേഹപൂർവ്വം കെട്ടിപ്പിടിച്ചും കവിളിലും തലയിലും തലോടിയും ആണ് പ്രധാനമന്ത്രി ആശ്വസിപ്പിച്ചത്. ദുരന്തത്തിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട് അനാഥയായി മാറിയ അവന്തികയ്ക്ക് ഒടുവിൽ മുഖത്തൊരു പുഞ്ചിരി വിടർത്താൻ പ്രധാനമന്ത്രിയുടെ ആശ്വസിപ്പിക്കലിന് കഴിഞ്ഞു എന്നുള്ളത് ഏവരെയും കണ്ണീരണിയിച്ച കാഴ്ചയായി.
സെന്റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 12 പേരെ സന്ദർശിച്ചതിനുശേഷമാണ് പ്രധാനമന്ത്രി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാണാൻ എത്തിയത്. മേപ്പാടിയിലെ വിംസ് ആശുപത്രിയിൽ പ്രധാനമന്ത്രി ചികിത്സയിലുള്ള അരുൺ, അനിൽ, അവന്തിക, സുഹൃതി എന്നീ നാല് പേരെ കാണും എന്നായിരുന്നു നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ ആശുപത്രിയിൽ എത്തിയ പ്രധാനമന്ത്രി ചികിത്സയിൽ കഴിയുന്ന മറ്റു ചിലരെയും കണ്ടു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം 10 മണിക്കൂറോളം ചെളിയിൽ പുതഞ്ഞു കിടന്ന ശേഷം രക്ഷാപ്രവർത്തകർ രക്ഷിച്ച അരുണിനെയും പ്രധാനമന്ത്രി സന്ദർശിച്ചു. തന്റെ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട ശേഷം അമ്മൂമ്മയുടെ സംരക്ഷണയിൽ കഴിയുന്ന അവന്തിക എന്ന കൊച്ചു ബാലികയോടുള്ള പ്രധാനമന്ത്രിയുടെ ഇടപെടൽ ആശുപത്രിയിൽ ഉണ്ടായിരുന്നവരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചയായിരുന്നു. സ്വന്തം മുത്തശ്ശനെ പോലെയുള്ള പ്രധാനമന്ത്രിയുടെ പെരുമാറ്റത്താൽ ദിവസങ്ങൾക്ക് ശേഷം അവന്തിക ചിരിക്കുന്നതും ഇന്ന് കാണാൻ കഴിഞ്ഞു. ആശുപത്രിയിലെ സന്ദർശനത്തിനുശേഷം നിലവിൽ പ്രധാനമന്ത്രി കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കുകയാണ്.
Discussion about this post