ചെന്നൈ : ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങുകയാണ് തമിഴ്നാട് സർക്കാർ. തമിഴ്‌നാട് വ്യവസായ മന്ത്രി ഡോ. ടി.ആര്‍.ബി രാജയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയം തമിഴ്നാട് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. സ്റ്റേഡിയം നിർമ്മിക്കുന്നത് തമിഴ്നാട് സർക്കാർ ആണെങ്കിലും ഫലത്തിൽ മലയാളികൾക്കും ഏറെ ഗുണകരമായ കാര്യമാണിത്. കേരളത്തിനോട് ചേർന്ന് കിടക്കുന്ന കോയമ്പത്തൂരിലാണ് ഈ സ്റ്റേഡിയം നിർമ്മിക്കപ്പെടുന്നത് എന്നുള്ളതാണ് മലയാളികളെ സന്തോഷിപ്പിക്കുന്ന കാര്യം.
കോയമ്പത്തൂരിൽ പുതിയ സ്റ്റേഡിയം നിർമ്മിക്കും എന്ന് നേരത്തെ തന്നെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സ്റ്റേഡിയം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയം ആയിരിക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള ഒന്‍ഡിപുഡൂര്‍ മേഖലയിലാണ് പുതിയ സ്റ്റേഡിയം ഉയരുക.
കൊച്ചി-സേലം ദേശീയപാത 544നോട് ചേർന്ന് സ്ഥിതി ചെയ്യുന്ന തമിഴ്നാട് ജയിൽ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ ആയിരിക്കും പുതിയ സ്റ്റേഡിയത്തിന്റെ നിർമ്മാണം. കേരള അതിർത്തിയിൽ നിന്നും വെറും 35 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്ക് ഉള്ളത്. ജയിൽ വകുപ്പിന്റെ കീഴിലുള്ള 200 ഏക്കർ സ്ഥലത്തിൽ നിന്നും 198 ഏക്കർ ആണ് സ്റ്റേഡിയത്തിന്റെ നിർമാണത്തിനായി ഏറ്റെടുക്കുന്നത്.
ഫൈവ് സ്റ്റാർ ഹോട്ടലുകളും റസ്റ്റോറന്റുകളും ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷനുകളും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തോടൊപ്പം ഇവിടെ ഉണ്ടാകും എന്നാണ് തമിഴ്നാട് സർക്കാർ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങളോടൊപ്പം തന്നെ ഐപിഎൽ മത്സരങ്ങളും ഈ പുതിയ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിക്കും എന്നും തമിഴ്നാട് സർക്കാർ അറിയിക്കുന്നു.
Discussion about this post