ന്യൂയോർക്ക് : യൂട്യൂബ് മുൻ മേധാവിയും മുൻ ഗൂഗിൾ എക്സിക്യൂട്ടീവും ആയിരുന്ന സൂസൻ വോജിക്കി അന്തരിച്ചു. ഗൂഗിളിനെയും യൂട്യൂബിനെയും ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച സൂസൻ 56ആം വയസ്സിലാണ് വിട വാങ്ങുന്നത്. ശ്വാസകോശ അർബുദത്തെ തുടർന്ന് നിരവധി നാളുകളായി ചികിത്സയിലായിരുന്നു.
സിലിക്കൺ വാലിയിലെ ഏറ്റവും പ്രമുഖയായ വനിത എന്നാണ് സൂസൻ വോജിക്കി അറിയപ്പെടുന്നത്. ഒരു സാധാരണ സെർച്ച് എഞ്ചിൻ സ്റ്റാർട്ടപ്പ് എന്ന നിലയിൽ നിന്നും ഗൂഗിളിനെ ആഗോള സാങ്കേതിക ഭീമനാക്കി മാറ്റാൻ രണ്ട് പതിറ്റാണ്ടോളം നീണ്ട പ്രയത്നങ്ങൾ ആയിരുന്നു സൂസൻ നടത്തിയിരുന്നത്.
1998-ൽ സൂസൻ വോജിക്കിയുടെ സുഹൃത്തുക്കളായ സെർജി ബ്രിനും ലാറി പേജും ചേർന്നാണ് ഗൂഗിൾ ആരംഭിച്ചത്. കാലിഫോർണിയയിലെ മെൻലോ പാർക്കിൻ്റെ ഗാരേജിൽ നിന്നും ഗൂഗിൾ എന്ന സംരംഭം തുടങ്ങുന്ന സമയത്ത് സൂസൻ ഇൻ്റലിൽ ജോലി ചെയ്തു വരികയായിരുന്നു. ഒരു വർഷത്തിനുശേഷം ഗൂഗിളിന്റെ ആദ്യത്തെ മാർക്കറ്റിംഗ് മാനേജരായാണ് സൂസൻ കമ്പനിയിൽ ചേർന്നത്.
2014ൽ യൂട്യൂബ് സിഇഒ ആകുന്നത് വരെയുള്ള രണ്ട് പതിറ്റാണ്ടോളം സൂസൻ ഗൂഗിളിനുവേണ്ടി സേവനമനുഷ്ഠിച്ചു. ഗൂഗിളിൽ ഇമേജ് സെർച്ചുകൾ സൃഷ്‌ടിക്കുന്നതിലും യൂട്യൂബിൻ്റെ പരസ്യ പ്ലാറ്റ്‌ഫോമായ ഡബിൾക്ലിക്കിൻ്റെ ഏറ്റെടുക്കലിലും സൂസൻ വോജിക്കി നിർണായക പങ്കു വഹിച്ചു. ഗൂഗിളിൻ്റെ ചരിത്രത്തിലെ പ്രധാനിയാണ് സൂസൻ വോജിക്കി, അവളില്ലാത്ത ഈ ലോകം സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ് എന്നാണ് ഗൂഗിളിൻ്റെ ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചൈ സൂസന് അനുശോചനങ്ങൾ അറിയിച്ചുകൊണ്ട് എക്സിൽ കുറിച്ചത്.
Discussion about this post