തിരുവനന്തപുരം : ക്ഷേമപെൻഷൻ പോലും വിതരണം ചെയ്യാൻ പണം ഇല്ലാതിരുന്ന സമയത്തും എൽഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ചു നടത്തിയ നവകേരള സദസിന്റെ പേരിൽ പുതിയ വിവാദം. നവ കേരള സദസിനായി പരസ്യബോർഡുകൾ സ്ഥാപിക്കാനും പ്രചാരണത്തിനും ആയി രണ്ടുകോടി 46 ലക്ഷം രൂപ ആണ് സർക്കാർ ചിലവാക്കിയിരിക്കുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് രണ്ടര കോടിയോളം രൂപ ആവുകയായിരുന്നു. ഇപ്പോഴാണ് സർക്കാർ ഈ തുക അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനതലത്തിലുള്ള ജനങ്ങളുടെ പരാതി കേൾക്കാൻ എന്ന പേരിൽ നടത്തിയ നവ കേരള സദസിന്റെ പ്രചാരണത്തിനായി കേരളത്തിൽ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആർടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയും ആണ് ഈ ഇനത്തിൽ ചെലവ് വന്നിരിക്കുന്നത്.
നവകേരള സദസിന്റെ ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് 9.16 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചിരിക്കുന്നത്. ക്ഷണക്കത്ത് അച്ചടിക്കാൻ വന്ന തുകയുടെ ആദ്യ ഗഡു കഴിഞ്ഞ മെയ് നാലിന് നൽകി. ബാക്കിയായി നൽകാനുണ്ടായിരുന്ന 7.47 കോടി രൂപ ഓഗസ്റ്റ് രണ്ടിനാണ് പിണറായി സർക്കാർ അനുവദിച്ചിരുന്നത്. ക്വട്ടേഷൻ പോലും വിളിക്കാതെയാണ് പിആർഡി സി ആക്ടിന് സർക്കാർ ഇതിനുള്ള കരാർ നൽകിയിരുന്നത്. നവ കേരള സദസ്സ് അനാവശ്യ ധൂർത്തായിരുന്നു എന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെ ആണ് ഇപ്പോൾ ഓരോ കണക്കുകളും പുറത്തുവരുന്നത്.
Discussion about this post