കാണാൻ അഴകൊന്നുമില്ലാത്ത, ശവംതിന്നുന്ന കഴുകനെന്ന പക്ഷിയെ വലിയ താത്പര്യമൊന്നുമില്ല മനുഷ്യർക്ക്. എന്തിനേറെ പറയുന്നു പക്ഷി നിരീക്ഷകർക്ക് പോലും കഴുകന്റെ കാര്യത്തിൽ വലിയ താത്പര്യം കാണിക്കാറില്ല. ഇന്ത്യയിൽ ഒരുകാലത്ത് വ്യാപകമായി കാണപ്പെട്ടിരുന്ന പക്ഷിയായിരുന്നു ഇവ. എന്നാൽ കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇന്ത്യയിലെ കഴുകൻമാരുടെ എണ്ണം വളരെയധികം കുറഞ്ഞുവരികയാണ്. അവയുടെ എണ്ണത്തിലുണ്ടായ ഇടിവ് വന്യജീവികളിലും മനുഷ്യന്റെ ആരോഗ്യത്തിലും പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് ജീവശാസ്ത്ര പഠനങ്ങൾ പറയുന്നത്. കന്നുകാലികളുടെയടക്കം ശവശരീരങ്ങൾ ഭക്ഷിച്ച് പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ അവ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. മൃതശരീരങ്ങൾ മാത്രമാണ് ഇവയുടെ ഭക്ഷണം. കഴുകന്മാർ പൊതുവേ മറ്റു മൃഗങ്ങളെ കൊന്നുതിന്നാറില്ല. സാമാന്യം വലുപ്പമുള്ള ഒരു പുള്ളിമാനിന്റെ ജഡം മുഴുവൻ തിന്നുതീർക്കാൻ 10 -15 കഴുകന്മാർക്ക് വെറും അര മണിക്കൂർ സമയം മാത്രമേ വേണ്ടൂ.
ന്നുകാലികളെ ഭക്ഷിക്കാത്ത ഉത്തരേന്ത്യയിൽ സാധാരണയായി ഇവ മരിക്കുമ്പോൾ പ്രത്യേക ഇടങ്ങളിൽ കൊണ്ട് പോയി ഇടുകയാണ് പതിവ്. കഴുകന്മാർ ഇത്തരം സ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന ശവശരീരങ്ങൾ ഭക്ഷിക്കുകയും മറ്റുരോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരിലേക്കും മറ്റു ജീവികളിലേക്കും പടർന്നു പിടിക്കാതെ കാത്തുസംരക്ഷിക്കുകയും ചെയ്തിരുന്നു. 1980 കളിൽ ഇന്ത്യയിൽ 8 കോടി ചുട്ടിക്കഴുകന്മാർ ഉള്ളതായിട്ടാണ് കണക്ക്. 1995- ൽ ഡൽഹിയിലെ ഒരു സ്ഥലത്ത് മാത്രം 15000- ൽ അധികം കഴുകന്മാർ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതു മാത്രമല്ല, ലോകത്തിൽ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള പക്ഷികളിൽ ഒന്നായിരുന്നു ചുട്ടിക്കഴുകന്മാർ. എന്നാൽ ഇന്ന് അത് വളരെ കുറഞ്ഞ് 10000 ത്തിനടുത്ത് മാത്രമായി. 99.9 % കഴുകന്മാരും ഏകദേശം 10 വർഷത്തിനുള്ളിൽ ഭൂമിയിൽനിന്നും നാമാവശേഷമായി. ലോകത്തിൽ ഇന്നേവരെ സംഭവിച്ച അതിവേഗതയിലുള്ള വംശനാശപ്രക്രിയയിൽ ഏറ്റവും ഗുരുതരമായ വംശനാശമാണ് കഴുകന്മാർക്ക് സംഭവിച്ചത്.
1990 കളിൽ ഭരത്പൂരിൽ കഴുകന്മാരെ നിരീക്ഷിച്ചുകൊണ്ടിരുന്ന ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ഡോ. വിഭു പ്രകാശാണ് കഴുകന്മാരുടെ എണ്ണത്തിലുണ്ടായ കുറവ് ആദ്യമായി കണ്ടെത്തിയത്.
2003ൽ മാത്രമാണ് കഴുകന്മാരുടെ മരണത്തിന് കാരണം കണ്ടെത്തിയത്. പാകിസ്ഥാനിൽ നടന്ന ഗവേഷണപ്രവർത്തനത്തിലായിരുന്നു അത്. കന്നുകാലികളിൽ കുത്തിവെയ്ക്കുന്ന (മനുഷ്യനും ഉപയോഗിക്കുന്ന) ഡൈക്ലോഫെനാക് എന്ന മരുന്നാണ് കഴുകന്മാരുടെ കൂട്ടായ മരണകാരണമായി കണ്ടെത്തിയത്. കന്നുകാലികളിൽ കാണുന്ന പനി, വേദന എന്നിവയ്ക്ക് വേദനാസംഹാരിയായി 1990-കളിൽ ആണ് ഈ മരുന്ന് ഉപയോഗിച്ചുതുടങ്ങിയത്. മരുന്ന് കുത്തിവെച്ച കന്നുകാലികൾ ചത്തുകഴിയുമ്പോൾ അവയെ ഭക്ഷണമാക്കിയിരുന്ന കഴുകന്മാർ വൻതോതിൽ മരിച്ചുപോവുകയുണ്ടായി. ഡൈക്ലോഫെനാക്കിന്റെ അംശം മൃതശരീരങ്ങളിൽ നിന്നും കഴുകന്മാരുടെ ശരീരത്തിൽ എത്തുകയും അവയുടെ വൃക്കകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും അതുവഴി മരണം സംഭവിക്കുകയുമാണ് ചെയ്തത്. ഇതേ തുടർന്ന് 2006-ൽ ഭാരത് സർക്കാർ കന്നുകാലികൾക്കായി ഉപയോഗിക്കുന്ന ഡൈക്ലോഫെനാക്കിന്റെ ഉത്പാദനം നിരോധിച്ചു. എങ്കിലും അനധികൃതമായി ഈ മരുന്ന് ഇന്ന് ഇന്ത്യയിൽ പല ഭാഗങ്ങളിലും ലഭ്യമാണത്രേ. 2015 ജൂലൈ മാസത്തിൽ മനുഷ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 30ാഹ ഡൈക്ലോഫെനക്ക് മരുന്നിന്റെ ഉത്പാദനവും ഗവൺമെന്റ്‌റ് നിരോധിച്ചു.
ഗവേഷകരായ ഇയാൽ ഫ്രാങ്ക്, അനന്ത് സുദർശൻ എന്നിവരുടെ പുതിയ പഠനമനുസരിച്ച്, കഴുകന്മാരുടെ എണ്ണം ഇങ്ങനെ കുറയുന്നത് പരോക്ഷമായി നിരവധിക്കണക്കിന് മനുഷ്യ മരണങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നാണ് പറയുന്നത്. ‘ദി സോഷ്യൽ കോസ്റ്റ് ഓഫ് കീസ്റ്റോൺ സ്പീഷീസ് കൊളാപ്‌സ്: എവിഡൻസ് ഫ്രം ദ ഡിക്ലൈൻ ഓഫ് വൾച്ചേഴ്‌സ് ഇൻ ഇന്ത്യ’ എന്ന് ഇവരുടെ പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
2000 നും 2005 നും ഇടയിൽ, കഴുകന്മാരുടെ കുറവ് പ്രതിവർഷം 100,000 അധിക മനുഷ്യ മരണങ്ങൾക്ക് കാരണമായതായാണ് ഫ്രാങ്കും സുദർശനും തങ്ങളുടെ പഠനത്തിൽ പറയുന്നത്. കഴുകൻമാർ കുറഞ്ഞത് തെരുവുനായ ശല്യവും കൂട്ടി. പേവിഷബാധയ്ക്കുള്ള സാധ്യതയും ഇതു മൂലം വർധിച്ചു. ഇന്ത്യയിൽ ഒരു വർഷം മുപ്പതിനായിരത്തോളം ആളുകൾ പേവിഷബാധയേറ്റ് മരണപ്പെടുന്നുണ്ട്. ഇതിന്റെ ചികിത്സയ്ക്ക് മാത്രമായി 2.5 കോടി ഡോളറാണ് ഒരു വർഷം ചെലവിടുന്നത്. കഴുകന്മാരുടെ വംശനാശം മൂലം ഇന്ത്യയ്ക്ക് ഉണ്ടാകുന്ന അധികച്ചെലവ് 3500 കോടി ഡോളറാണെന്ന് അടുത്ത കാലത്ത് കണക്കാക്കിയിട്ടുണ്ട്. കഴുകന്മാരുടെ വംശം നിലനിർത്തുന്നതിൽകൂടി മാത്രമേ പ്രകൃതിയിൽ ശുചിത്വം നിലനിർത്താനും മാരകമായ പല രോഗങ്ങളുടെയും വ്യാപനം തടയുവാനും സാധിക്കുകയുള്ളു.
Discussion about this post