ലഖ്‌നൗ : ട്രെയിനിനുള്ളിൽ തീപിടുത്തം ഉണ്ടായതായി ഭയന്ന് പുറത്തേക്ക് ചാടിയ യാത്രക്കാർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ബിൽപൂരിന് സമീപമാണ് സംഭവം ഉണ്ടായത്. കോച്ചിനുള്ളിൽ അജ്ഞാതനായ വ്യക്തി അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതാണ് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. തുടർന്ന് ചില യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്താൻ ശ്രമിക്കുകയും ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയും ആയിരുന്നു.
സംഭവത്തിൽ 12 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. മൊറാദാബാദ് ഡിവിഷൻ്റെ ഭാഗമായ ബിൽപൂർ സ്റ്റേഷന് സമീപം രാവിലെ ഹൗറ-അമൃത്സർ മെയിലിൻ്റെ ജനറൽ കോച്ചിലാണ് സംഭവം നടന്നതെന്ന് നോർത്തേൺ റെയിൽവേയിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആരോ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതോടെ കോച്ചിൽ പുക നിറയുകയായിരുന്നു എന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
ഈ സംഭവത്തെ തുടർന്ന് ഹൗറ-അമൃത്സർ മെയിലിൻ്റെ ജനറൽ കോച്ചിൽ തീപിടിത്തമുണ്ടായി എന്ന പ്രതീതി സൃഷ്ടിച്ച് മറ്റു കോച്ചിലെ യാത്രക്കാർക്ക് ഇടയിലും പരിഭ്രാന്തി പരത്തിയതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിക്കുന്നു. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും ഉത്തരവാദികളെ കണ്ടെത്തുന്നതിനുമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post