ധാക്ക : നിയമവിരുദ്ധവും അനധികൃതവുമായ തോക്കുകൾ പോലീസിന് കൈമാറണമെന്ന് ബംഗ്ലാദേശ് ഇടക്കാല ഗവൺമെന്റിന്റെ ആഭ്യന്തര കാര്യ ഉപദേഷ്ടാവ് ബ്രിഗേഡിയർ ജനറൽ (റിട്ട) എം സഖാവത് ഹുസൈൻ. ആഗസ്റ്റ് 18 നകം ആയുധങ്ങൾ കൈമാറണമെന്നാണ് നിർദേശം. ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയാൽ പ്രതിഷേധകാർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്നും ഹുസൈൻ പറഞ്ഞു. പ്രതിഷേധത്തിനിടെ പരിക്കേറ്റ അർദ്ധസൈനികരായ ബംഗ്ലാദേശ് അൻസാർ അംഗങ്ങളെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളടക്കം 500 ഓളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹുസൈൻ പറഞ്ഞു. എം സഖാവത് അൻസാർ അംഗങ്ങൾക്ക് നേരെ വെടിയുതിർത്ത സിവിൽ വസ്ത്രത്തിൽ യുവാക്കളെ തിരിച്ചറിയാൻ അന്വേഷണം നടത്തുമെന്ന് ഹുസൈൻ പറഞ്ഞു. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ അവർക്കെതിരെയും നടപടി സ്വീകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെയ്ഖ് ഹസീനയ്ക്ക് പകരമുള്ള ഇടക്കാല സർക്കാരിന്റെ തലവനായി നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്തു . സംസ്ഥാന ഭരണകാര്യങ്ങളിൽ യൂനസിനെ സഹായിക്കാൻ 16 അംഗ ഉപദേശക സമിതിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post