കൊൽക്കത്ത : പശ്ചിമബംഗാളിൽ ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഞ്ജയ് റോയിയെ ചോദ്യം ചെയ്ത് പോലീസ്. കുറ്റസമ്മതം നടത്തിയെങ്കിലും കുറ്റകൃത്യത്തിൽ ഇയാൾ പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. യാതൊരു കൂസലുമില്ലാതെയായിരുന്നു പ്രതി പോലീസിന് മറുപടി നൽകിയത്. വേണെങ്കിൽ തന്നെ തൂക്കിക്കൊന്നോളൂ എന്നും പ്രതി പോലീസിനോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
പ്രതിയായ സഞ്ജയ് റോയ് 2019 മുതൽ പോലീസിന്റെ സിവിക് വൊളണ്ടിയറായിരുന്നു. 2019-ൽ കൊൽക്കത്ത പോലീസിന്റെ ദുരന്തനിവാരണ സംഘത്തിലാണ് സഞ്ജയ് റോയ് സിവിക് വൊളണ്ടിയറായി ചേർന്നത്. പിന്നീട് പോലീസ് വെൽഫയർ സെല്ലിന്റെ കീഴിൽ വൊളണ്ടിയറായി. ഈ കാലയളവിലാണ് ആർ.ജി. കർ മെഡിക്കൽ മെഡിക്കൽ കോളേജിലെ പോലീസ് ഔട്ട്പോസ്റ്റിൽ ഇയാളെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനം, പോലീസിനെ സഹായിക്കൽ എന്നിവയാണ് സിവിക് വൊളണ്ടിയറുടെ ഡ്യൂട്ടി. അതിനിടെ, ആശുപത്രിയിലെ പോലീസ് ഔട്ട്പോസ്റ്റിൽ ജോലിചെയ്തിരുന്ന സഞ്ജയ് റോയി ആശുപത്രിയിലെത്തുന്നവരിൽനിന്ന് കൈക്കൂലി വാങ്ങിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
പ്രതി സഞ്ജയ് റോയ് അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്നു. ഇയാൾക്കെതിരെ ആശുപത്രിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതിന്റെ പേരിൽ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് വിവരം.മുൻപ് നാല് തവണ വിവാഹിതനായ ഇയാളുടെ മൂന്ന് ഭാര്യമാരും സഞ്ജയുടെ ക്രൂരത സഹിക്കാനാവാതെ ഉപേക്ഷിച്ച് പോയവരാണ്. നാലാമത്തെ ഭാര്യ കാൻസർ ബാധിച്ച് മരിച്ചുവെന്നാണ് പറയുന്നത്.
Discussion about this post