ധാക്ക :ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള പുറത്താകലിനുശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന. രാജ്യത്തെ കലാപകാരികളെ ശിക്ഷിക്കണം.
ബംഗ്ലാദേശിന്റെ സ്ഥാപക പിതാവും തന്റെ പിതാവുമായ ഷെയ്ഖ് മുജിബുർ റഹ്‌മാന്റെ പ്രതിമ തകർത്തതിന് നീതി ലഭിക്കണമെന്നും ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു. മകൻ സയീബ് വാസെദാണ് ഷെയ്ഖ് ഹസീനയുടെ പ്രസ്താവന സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചത് .
പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്തുടനീളം നടന്ന കലാപത്തിൽ നിരവധി മരണങ്ങളാണ് സംഭവിച്ചത്. വിദ്യാർത്ഥികൾ , അദ്ധ്യാപകർ, പോലീസ്, പത്രപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, സാധാരണക്കാർ, അവാമി ലീഗിന്റെ നേതാക്കളും പ്രവർത്തകരും, കാൽനടയാത്രക്കാർ, ഓഫീസ് തൊഴിലാളികൾ അങ്ങനെ എത്ര പേരുടെ ജീവനുകൾ പൊലിഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ കൂട്ടക്കൊലയ്ക്ക് കാരണക്കാരയവർക്കെതിരെ അന്വേഷണം നടത്തണമെന്നും അവരെ പിടികൂടി ഉചിതമായ ശിക്ഷ നൽകണമെന്നും ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയിൽ പറയുന്നു.
‘1975 ആഗസ്റ്റ് 15നാണ് ബംഗ്ലാദേശ് പ്രസിഡന്റ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്‌മാൻ ക്രൂരമായി കൊല്ലപ്പെട്ടത്. അതോടൊപ്പം എന്റെ മാതാവ് ബീഗം ഫാസിലാത്തുന്നിസ, എന്റെ സഹോദരങ്ങളും സ്വാതന്ത്ര്യ. സമര സേനാനികളുമായ ഷെയ്ഖ് കമൽ, ഷെയ്ഖ് ജമാൽ, കമാലിന്റെ ഭാര്യ സുൽത്താന കമൽ, ജമാലിന്റെ ഭാര്യ റോസി ജമാൽ, വെറും 10 വയസുമാത്രമുണ്ടായിരുന്ന എന്റെ ഇളയ സഹോദരൻ ഷെയ്ഖ് റസൽ, എന്റെ ഏക അമ്മാവൻ ഷെയ്ഖ് നാസർ തുടങ്ങിയവർ ക്രൂരമായി കൊല്ലപ്പെട്ടു. അന്ന് നടന്ന ക്രൂരമായ കൊലപാതകങ്ങളുടെ ഓർമകൾ പേറുന്ന ബംഗബന്ധു ഭവൻ ഞങ്ങൾ രണ്ട് സഹോദരിമാർ ബംഗാളിലെ ജനങ്ങൾക്കായി സമർപ്പിച്ചു. ഓർമകൾക്കായി ഒരു മ്യൂസിയം പണി കഴിപ്പിച്ചു. രാജ്യത്തെ സാധാരണക്കാർ മുതൽ വിവിധ ദേശങ്ങളിൽനിന്നുള്ള ഉന്നതർ വരെ ആ വീട്ടിലെത്തി. സ്വാതന്ത്ര്യത്തിന്റെ സ്മാരകമായിരുന്നു ആ മ്യൂസിയം. നമ്മുടെ അതിജീവനത്തിന്റെ അടിസ്ഥാനമായിരുന്ന ആ സ്മാരകം . എന്നാൽ ഇന്ന് അത് ചാരമായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രപിതാവ് ഇന്ന് അങ്ങേയറ്റം അപമാനിക്കപ്പെട്ടിരിക്കുന്നു. അവർ അപമാനിച്ചത് ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെക്കൂടിയാണ്. ബംഗ്ലാദേശ് ജനതയോട് ഞാൻ നീതി ആവശ്യപ്പെടുന്നു എന്ന് ഷെയ്ഖ് ഹസീന കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 15ന് ഷെയ്ഖ് മുജീബുർ റഹ്‌മാൻ കൊല്ലപ്പെട്ട ദിവസം ദേശീയ വിലാപദിനമായി ആചരിച്ചിരുന്നു. എന്നാൽ തീരുമാനം ഇടക്കാല സർക്കാർ റദ്ദാക്കി. ഇതിനു പിന്നാലെയാണ് ഹസീനയുടെ പ്രസ്താവനയെത്തുന്നത്.
Discussion about this post