പനിയുണ്ടോ … അതോ തലവേദനയോ … അല്ലെങ്കിൽ പല്ലുവേദനയോ……. എന്ത് വേദന ആയിക്കോട്ടെ… ആദ്യം ചെയ്യുന്നത് ഒരു പാരസെറ്റാമോൾ എടുത്ത് വിഴുങ്ങും എന്നതാണ്. ഡേക്ടറെ പോലും കാണാതെ ആയിരിക്കും ഡോസ് ഒന്നും നോക്കാതെ പാരസെറ്റാമോൾ കഴിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു വേദന സംഹാരിയാണ് പാരസെറ്റാമോൾ.
അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ അമിതമായി നമ്മുടെ ശരീത്തിൽ എന്ത് എത്തിയാലും അത് നമ്മുടെ ആരോഗ്യത്തെ തകർത്തുകളയും. തുടർച്ചയായി പാരസെറ്റാമോൾ കഴിക്കുന്നവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ പഠനത്തിൽ തെളിഞ്ഞത് പാരസെറ്റാമോൾ ഓവർ ഡോസ് ആകുന്നത് ഗുരുതര കരൾ രോഗങ്ങൾക്ക് കാരണമാകുന്നു എന്നാണ്. എഡിൻബർഗ് സർവകലാശാല അടുത്തിടെ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
പാരസെറ്റാമോളിന്റെ ഏറ്റവും സാധാരണയായ ഡോസുകൾ 500, 650 എന്നിങ്ങനെയാണ്. സാധാരണ ഡോസ് ഒരു കിലോ ശരീരഭാരത്തിന് 15 മില്ലിഗ്രാം എന്നാണ് കണക്ക്. ഇതിൽ കൂടുതലായാൽ കരളിൻറെ പ്രവർത്തനത്തെ ബാധിച്ചേക്കാം.
കൂടാതെ പാരസെറ്റാമോൾ അക്യൂട്ട് ഹെപ്പറ്റോടോക്‌സിസിറ്റിയ്ക്കുള്ള ഒരു പ്രധാന കാരണമാണെന്ന് 2020ൽ നടത്തിയ മറ്റൊരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
1893ൽ ജോസഫ് വോൺ മെറിങ്ങാണ് പാരസെറ്റമോൾ ആദ്യമായി സമന്വയിപ്പിച്ചത്. 1950-കളിൽ പാരസെറ്റമോൾ അമേരിക്കയിലും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വലിയ തോതിൽ ഉപയോഗിച്ചു തുടങ്ങി. ആസ്പിരിനും മറ്റ് സ്റ്റിറോയിഡ് ഇതര ആന്റി ഇൻഫ്ളമേറ്ററി മരുന്നുകളായ ഐബുപ്രോഫെൻ(ibuprofen) പോലുള്ളവ വയറിനുള്ളിൽ രക്തസ്രാവം, അൾസർ, മറ്റ് ഗുരുതരമായ പാർശ്വഫലങ്ങൾ എന്നിവയുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അന്ന് ആളുകൾ പാരസെറ്റാമോളിനെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയത്. എന്നാൽ ഇപ്പോൾ ഏത് രോഗത്തിനും പാരസെറ്റമോളായി മാറി.
24 മണിക്കൂറിനുള്ളിൽ നാല് ഗ്രാം പാരസെറ്റാമോൾ ആണ് പരമാവധി അനുവദിച്ചിരിക്കുന്ന അളവ്. അതിൽ കൂടുന്നത് ഓവർ ഡോസ് ആകും. മുതിർന്നവർക്ക് 500 മില്ലിഗ്രാം ഗുളികകൾ 24 മണിക്കൂറിനുള്ളിൽ നാല് തവണ കഴിക്കാം. ഒരു തവണ കഴിച്ചാൽ നാല് മണിക്കൂർ കഴിഞ്ഞതിന് ശേഷം മാത്രമേ അടുത്ത തവണ ഗുളിക കഴിക്കാൻ പാടുള്ളു.
Discussion about this post