ന്യൂഡൽഹി : തുടർച്ചയായി 11 സ്വാതന്ത്ര്യ ദിനങ്ങളിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ആവുകയാണ് നരേന്ദ്ര മോദി. ജവഹർലാൽ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ആദ്യമായാണ് ഭാരതത്തിൽ ഒരു പ്രധാനമന്ത്രി 11 വർഷം തുടർച്ചയായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നതിന് മുൻപായി പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.
ഭാരതത്തിന്റെ 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ തലസ്ഥാനത്ത് പ്രധാനമന്ത്രി ത്രിവർണ്ണ പതാക ഉയർത്തി. സുബേദാർ മേജർ രജീന്ദർ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള പഞ്ചാബ് റെജിമെൻ്റ് മിലിട്ടറി ബാൻഡ് ആണ് ചടങ്ങിൽ ദേശീയ ഗാനം ആലപിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളോട് രാജ്യം അഗാധമായി കടപ്പെട്ടിരിക്കുന്നുവെന്നും നന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രിയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. പ്രതിരോധ സെക്രട്ടറി ഡൽഹി ഏരിയയുടെ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനൻ്റ് ജനറൽ ഭവ്നിഷ് കുമാറിന്റെ നേതൃത്വത്തിൽ ഇൻ്റർ-സർവീസുകളും ഡൽഹി പോലീസ് ഗാർഡും ചേർന്ന് സംയുക്തമായ പ്രധാനമന്ത്രിക്ക് രാഷ്ട്രീയ സല്യൂട്ട് സമർപ്പിച്ചു.
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള മോദി സർക്കാരിൻ്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ‘വീക്ഷിത് ഭാരത് 2047’ സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്.
ഈ വർഷത്തെ ആഘോഷങ്ങളിൽ ഏകദേശം 6,000 വിശിഷ്ടാതിഥികളുടെ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യൻ നേവി ഏകോപിപ്പിച്ച ഈ വർഷത്തെ ഗാർഡ് ഓഫ് ഓണറിൽ ആർമി, എയർഫോഴ്സ്, ഡൽഹി പോലീസ് എന്നീ സംഘങ്ങൾ അണിനിരന്നു. മേജർ അർജുൻ സിംഗ്, ലഫ്റ്റനൻ്റ് കമാൻഡർ ഗുലിയ ഭാവേഷ് എൻ.കെ, സ്ക്വാഡ്രൺ ലീഡർ അക്ഷര ഉണിയാൽ, അഡീഷണൽ ഡിസിപി അനുരാഗ് ദ്വിവേദി എന്നിവരുടെ നേതൃത്വത്തിൽ കര, നാവിക, വ്യോമ സേനകളും ഡൽഹി പോലീസ് സംഘവും ഉൾപ്പെട്ട ഈ സംഘത്തെ കമാൻഡർ അരുൺ കുമാർ മേത്ത ആണ് നയിച്ചിരുന്നത്.
Discussion about this post