ന്യൂഡൽഹി : ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിലെ ദേശീയ പതാക ഉയർത്തലിനു ശേഷം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ ദിന പ്രസംഗം അവസാനിച്ചതിനുശേഷം പുറത്തേക്ക് ഇറങ്ങിയ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തിരുന്ന പൊതുജനങ്ങൾക്കിടയിലേക്ക് കടന്ന് ചെല്ലുകയായിരുന്നു. ആർപ്പുവിളികളോടെയാണ് ജനക്കൂട്ടം പ്രധാനമന്ത്രിയെ എതിരേറ്റത്.
പൊതുജനങ്ങളുമായി സംവദിക്കുകയും ഹസ്തദാനം നൽകുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടുന്നത്. കുട്ടികളോടൊപ്പം ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ നിരവധിപേരാണ് സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവെക്കുന്നത്. ചുറ്റും കൂടി നിന്ന് കൈകാണിച്ച പലർക്കും പ്രധാനമന്ത്രി ഹസ്തദാനം നൽകുകയും ചെയ്തു.
തുടർച്ചയായി 11 വർഷം സ്വാതന്ത്ര്യ ദിനത്തിന് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയായിരിക്കുകയാണ് നരേന്ദ്രമോദി. 78-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അന്തസ്സും അവകാശങ്ങളും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സുപ്രധാന സംരംഭങ്ങൾക്ക് ഊന്നൽ നൽകുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post