ന്യൂഡൽഹി: ഒരു പതിറ്റാണ്ട് കാലത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ്. ഇന്ന് ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തു. അധികാരം നഷ്ടപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് കോൺഗ്രസ് നേതാവ് ചെങ്കോട്ടയിൽ പങ്കെടുക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നത്.
ഭരണപക്ഷത്തിന്റെ ക്ഷണം സ്വീകരിച്ച് രാവിലെ ഏഴ് മണിയോടെ തന്നെ രാഹുൽ ചെങ്കോട്ടയിൽ എത്തിയിരുന്നു. വെള്ള നിറത്തിലുള്ള ജുബ്ബയും പാന്റ്‌സും ധരിച്ചായിരുന്നു അദ്ദേഹം എത്തിയത്. പാരിസ് ഒളിമ്പിക്‌സിൽ മെഡൽ നേടിയ താരങ്ങൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഇരിപ്പിടം. ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന് സമീപം ഇരുന്നുകൊണ്ടായിരുന്നു അദ്ദേഹം സ്വതന്ത്ര്യദിനാഘോഷ പരിപാടികൾ വീക്ഷിച്ചത്.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആയിരുന്നു കോൺഗ്രസിന് അധികാരം നഷ്ടമായത്. ഇതോടെ പ്രതിപക്ഷത്തായ കോൺഗ്രസ് ഔദ്യോഗികമായി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചിരുന്നില്ല. ഇതേ തുടർന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻമാരെയാണ് ഈ സ്ഥനത്തേക്ക് പരിഗണിച്ചിരുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും പ്രതിപക്ഷസ്ഥാനം തന്നെ ലഭിച്ചതോടെ ജൂൺ 25 ന് രാഹുലിനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post