തിരുവനന്തപുരം; നിർമ്മിത ബുദ്ധി ഉപയോഗിച്ച് സ്പാം കണ്ടെത്താൻ വാട്‌സ്ആപ്പ് ശ്രമിക്കുന്നതോടെ കേരളത്തിലടക്കമുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ വ്യാപകമായി പൂട്ടിപ്പോകുന്നതായി വിവരം. സൈബർ സുരക്ഷ ശക്തമാക്കാൻ വാട്‌സ്ആപ്പ് പ്രൈവസി പോളിസി കടുപ്പിച്ചതോടെയാണ് അക്കൗണ്ടുകൾ പൂട്ടിപ്പോകുന്നത്. അനാവശ്യ ലിങ്കുകൾ,പോസ്റ്റുകൾ,ട്രോളുകൾ എന്നിവ പങ്കുവയ്ക്കുന്നവരെ മുൻപ് മറ്റാരെങ്കിലും റിപ്പോർട്ട് ചെയ്യുമ്പോഴാണ് വാട്‌സ്ആപ്പ് നടപടി എടുത്തിരുന്നത്. എന്നാൽ എഐ ഫിൽറ്ററിംഗ് വന്നതോടെ ഉള്ളടക്കത്തിൽ ചെറിയ അസ്വഭാവികത തോന്നിയാൽ പോലും പേജ് ഡിലീറ്റ് ചെയ്യും.
‘സ്പാം കാരണം ഈ നമ്പറിലുള്ള അക്കൗണ്ടിന് ഇനി വാട്‌സ് ആപ്പ് ഉപയോഗിക്കാനാവില്ല’ എന്ന സ്‌ക്രീനാകും പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് വാട്‌സ് ആപ്പിൽ സന്ദേശങ്ങൾ അയയ്ക്കാനോ ഫയലുകൾ തുറക്കാനോ സാധിക്കില്ല. തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളിലുള്ളവരുടെ അക്കൗണ്ടുകളും പൂട്ടും. നിരവധി ഗ്രൂപ്പുകളിൽ അംഗമായവർ, ഒരേ സന്ദേശം ഒരുപാട് പേർക്ക് പങ്കുവയ്ക്കുന്നവർ (ബൾക്ക് മെസേജിംഗ്), സുരക്ഷിതമല്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവർ എന്നിവർക്കും പൂട്ടുവീഴും. അക്കൗണ്ട് തിരികെ ലഭിച്ചില്ലെങ്കിൽ പുതിയ നമ്പറിൽ വാട്‌സ് ആപ്പ് തുടങ്ങേണ്ടി വന്നേക്കും.
ഈ ഫിൽറ്ററിംഗിന് എതിരെ പ്രധാനമായും ഉയർന്ന വിമർശനം, റിപ്പോർട്ട് ചെയ്യാൻ ഉന്നയിച്ച കാരണം ശരിയാണോയെന്ന് പോലും നിരീക്ഷിക്കാതെയാണ് വാട്‌സ് ആപ്പ് നടപടിയെടുക്കുന്നതെന്ന് ആരോപണമുണ്ട്. ചില തമാശ വാക്കുകൾ പോലും അക്കൗണ്ട് പൂട്ടാൻ കാരണമായി എ.ഐ ഉന്നയിക്കും
അക്കൗണ്ട് ഡിലീറ്റ് ആയിപ്പോയാൽ എന്ത് ചെയ്യും
വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുക
കസ്റ്റമർ സപ്പോർട്ട് വെബ്‌സൈറ്റിൽ ‘കോൺടാക്ട് അസ്’ ഐക്കൺ ഞെക്കുക
ഫോൺ നമ്പർ, മെയിൽ ഐഡി, പ്രശ്‌നം എന്നിവ സഹിതം വാട്‌സ് ആപ്പിന് സന്ദേശം അയക്കുക
എഴുപതുശതമാനം പേർക്കും 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കുമെന്നാണ് വാട്‌സ് ആപ്പിന്റെ വാഗ്ദാനം.
അതേസമയം വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ തുടങ്ങി മെറ്റ ആപ്പുകളെല്ലാം ഇപ്പോൾ എഐ ലഭ്യമായിരിക്കുന്നു. മിക്കവർക്കും സെർച്ച് ബാറിൽ ഒരു നീല വളയം വന്നു കാണണം. ഇനി വരാത്തവർ app അപ്‌ഡേറ്റ് ചെയ്താൽ മതി. meta.ai വഴിയും ചാറ്റ് ബോട്ട് ഉപയോഗിക്കാം. മെറ്റ പ്ലാറ്റ്ഫോംസിന്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയാണ് ഈ ചാറ്റ്ബോട്ട് നിർമിച്ചിരിക്കുന്നത്. അതായത് ടെക്സ്റ്റിന് പുറമേ ഇമേജും ജനറേറ്റ് ചെയ്യാനാവും.നിലവിൽ ഇംഗ്ലീഷ് മാത്രമേ സപ്പോർട്ട് ചെയ്യൂ. പക്ഷേ, പ്രാദേശിക ഭാഷകളിലേക്കും ഭാവിയിൽ സംവിധാനം കടന്നുവരും.
Discussion about this post