ഭാര്യമാരെ തുല്യമായി പരിഗണിക്കണമെന്നത് ഇസ്ലാമിക നിയമമെന്ന് ഹൈക്കോടതി. രണ്ടാം ഭാര്യയെ പരിപാലിക്കേണ്ടത് ചൂണ്ടിക്കാട്ടി ആദ്യ ഭാര്യയുടെ ജീവനാംശം ഒഴിവാക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇസ്ലാം നിയമപ്രകാരം പുരുഷന്മാർക്ക് ബഹുഭാര്യത്വം അനുവദിക്കുന്നത് അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണെന്ന് കോടതി വ്യക്തമാക്കി.
ആദ്യ ഭാര്യയ്ക്ക് ജീവനാംശം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച റിവിഷൻ ഹർജികൾ തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ആദ്യ വിവാഹം നിലനിൽക്കെ രണ്ടാമതും വിവാഹം ചെയ്ത മുസ്ലീം വിഭാഗത്തിൽ നിന്നുള്ള പുരുഷന് ആദ്യ ഭാര്യയെ നോക്കാൻ ഒരു മാർഗവുമില്ലെന്ന് വാദിക്കാൻ കഴിയില്ലെന്നും ഡോ. ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. ആദ്യ ഭാര്യയിലെ മക്കൾ സാമ്പത്തിക ശേഷി ഉള്ളവരാണെങ്കിലും ഭർത്താവ് ജീവനാംശം നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി.
ഇസ്ലാം നിയമപ്രകാരം ബഹുഭാര്യത്വം സ്വീകരിച്ച പുരുഷന് എല്ലാ ഭാര്യമാരോടും നീതിപൂർവം പെരുമാറാൻ കഴിയണമെന്നും സ്നേഹത്തിലും വാത്സല്യത്തിലും മാത്രമല്ല പരിപാലനത്തിലും ഭാര്യമാരോട് തുല്യത പുലർത്തണമെന്നും കോടതി പറഞ്ഞു. അതിനാൽ ആദ്യ വിവാഹം നിലനിൽക്കെ രണ്ടാമതും വിവാഹം കഴിച്ച ഭർത്താവിന് തന്റെ ആദ്യ ഭാര്യയെ പരിപാലിക്കാൻ കഴിയില്ലെന്ന് വാദിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.













Discussion about this post