ആലപ്പുഴ: തകഴിയിൽ ദുരൂഹസാഹചര്യത്തിൽ കുഴിച്ചിട്ട നിലയിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കിടപ്പമുറിയിൽ പുലർച്ചെ ആരോരുമറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ പൊതിഞ്ഞ് സൂക്ഷിച്ചത് വീടിന്റെ പാരപ്പറ്റിലും പടിക്കെട്ടുകൾക്ക് താഴെയും. മണിക്കൂറുകൾക്കു ശേഷം ആൺസുഹൃത്തായ തോമസ് ജോസഫിന്റെ പക്കൽ കുഞ്ഞിനെ കൊടുത്തു വിട്ടു. യുവതിയുടെ വീടിന് 60 കിലോമീറ്റർ അകലെ അമ്പലപ്പുഴ തകഴി പാടശേഖരത്തിലെ പുറംബണ്ടിനോട് ചേർന്ന് തോമസ് ജോസഫും സുഹൃത്തും കുഞ്ഞിനെ മറവ് ചെയ്തുവെന്നാണ് വിവരം.
പ്രസവത്തിനു ദിവസങ്ങൾക്കു മുൻപ് വരെ യാത്രകളിലും പൊതുസ്ഥലത്തുമെല്ലാം ഡോണ സജീവമായിരുന്നു. വയറോ പ്രത്യക്ഷമായ മാറ്റങ്ങളോ ഉണ്ടായിരുന്നില്ല. ആരോരുമറിയാതെ ആയിരുന്നു പ്രസവവും. കുഞ്ഞിന്റെ കരച്ചിൽ മറ്റാരും കേട്ടില്ല. പൊക്കിൾ കൊടി മുറിക്കൽ ഉൾപ്പെടെ ശുശ്രൂഷകൾ ഡോണ സ്വന്തമായാണ് ചെയ്തത്. പിന്നീടാണ് കുഞ്ഞിനെ പാരപ്പറ്റിലും പടിക്കെട്ടുകൾക്കു താഴെയുമായി വച്ചത്.
ജനിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് കുഞ്ഞിനെ ഡോണ കൊടുത്തു വിടുന്നത്. ജനിച്ച ശേഷം കുഞ്ഞിന് പാൽ കൊടുത്തിരുന്നില്ലെന്നാണ് വിവരം. ദേഹത്തെ ഫ്‌ലൂയിഡും നീക്കിയില്ല. കരച്ചിൽ ഉണ്ടായിരുന്നോ, ജീവനുണ്ടായിരുന്നോ, കുഞ്ഞിനെ പൊതിഞ്ഞ പോളിത്തീൻ കവറിലേക്കു വായു സഞ്ചാരമുണ്ടായിരുന്നോ തുടങ്ങിയവ വ്യക്തമായിട്ടില്ല.
ഗർഭം അലസുന്നതിന് ഡോണ ഗുളിക കഴിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അലസി എന്നു കരുതിയെന്നും ഡോണ പറഞ്ഞിരുന്നു.
Discussion about this post