യോഗം വിളിക്കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്ലിം വനിത സംഘടനകള്‍
ഡല്‍ഹി : സര്‍ക്കാര്‍ ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മുസ്ലിം വ്യക്തി നിയമ പരിശോധനയെന്ന ആക്ഷേപവുമായി യാഥാസ്ഥിതിക മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. ഇതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയുടെ മുസ്ലിം സമുദായത്തിലെ സ്ത്രീ വിവേചനത്തിനെതിരെയുള്ള പരാമര്‍ശ വിഷയത്തില്‍ യോഗം വിളിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
ഏക സിവില്‍ കോഡ് ഏതു വിധേനയും നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാറെന്നും ഈ നീക്കവും അതിന്റെ ഭാഗമാണെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം സഫരിയാബ് ജീലാനി പറഞ്ഞു. മതസ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും സഫരിയാബ് ജീലാനി കുറ്റപ്പെടുത്തി.
മുത്തലാഖ് ദുരുപയോഗം ചെയ്യാതിരിക്കാന്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ബോധവത്കരണം നടത്തിയ കാര്യവും ജീലാനി ഓര്‍മിപ്പിച്ചു. വിവാഹമോചനത്തിനുമുമ്പ് ചര്‍ച്ചയും സംഭാഷണവും മധ്യസ്ഥതയും നടത്താന്‍ മൂന്നുമാസത്തെ കാലയളവ് ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്നും ജീലാനി പറഞ്ഞു.
അതേസമയം സര്‍ക്കാരിന്റെ യോഗം വിളിക്കാനുള്ള നീക്കങ്ങളെ ഭാരതീയ മുസ്ലിം മഹിള ആന്ദോളന് പോലുള്ള സംഘടനകള്‍ എതിര്‍ക്കുന്നില്ല.
സര്‍ക്കാറിന് അത്തരമൊരു നീക്കമുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകട്ടെയെന്ന് അവരുടെ നിലപാട്. . മുസ്ലിം വ്യക്തിനിയമം ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി ചെയ്യണമെന്നാണ് തങ്ങളുടെ നിലപാട്. മുസ്ലിം സ്ത്രീകളോടുള്ള വിവേചനത്തിനെതിരെ സ്വമേധയാ കേസ് എടുക്കാന്‍ ഒക്ടോബറില്‍ സുപ്രീംകോടതി വിധിച്ച സമയത്തുതന്നെ ദേശീയ നിയമസേവന അതോറിറ്റിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
മുത്തലാഖ്, ബഹുഭാര്യത്വം എന്നിവ നിരോധിക്കുക, വിവാഹപ്രായം സ്ത്രീകള്‍ക്ക് 18ഉം പുരുഷന്മാര്ക്ക് 21ഉം ആക്കി മുസ്ലിം സമുദായത്തിന് നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഖുര്‍ആനിക സൂക്തങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ മുന്നോട്ടുവെച്ചത്. ഒരേ സമയം ഒന്നിലേറെ ഭാര്യമാരോട് നീതിപുലര്‍ത്താന്‍ കഴിയില്ളെന്ന് ഖുര്‍ആനില്‍നിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ടാണ് ബഹുഭാര്യത്വം നിയമവിരുദ്ധമാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ആന്ദോളന് നേതാക്കള്‍ പറയുന്നു.
ഇതിനിടെ വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട് മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ മുസ്ലിം വേദികളുടെയും സംഘടനകളുടെയും യോഗം വിളിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അടക്കം മുഴുവന്‍ മുസ്ലിം സംഘടനകളെയും മുസ്ലിം വനിതകളെ പ്രതിനിധാനംചെയ്യുന്നവരെയും വിളിച്ചുകൂട്ടാനാണ് സര്‍ക്കാറിന്റെ പദ്ധതി. ഏറെക്കാലമായി സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുസ്ലിം വനിതാ പ്രതിനിധികള്‍ അടക്കമുള്ള സംഘടനകളുടെ യോഗം വിളിക്കാനാണ് കേന്ദ്രം തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മുസ്ലിം വ്യക്തി നിയമത്തില്‍ പരിഷ്കാരങ്ങള്‍ നിര്‍ദേശിച്ച് മുംബൈ അസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മുസ്ലിം വനിത സംഘടനയായ ഭാരതീയ മുസ്ലിം മഹിളാ ആന്തോളന്‍ കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രിയ്ക്കും നിയമ കമ്മീഷനും ദേശീയ വനിതാ കമ്മീഷനും കത്തയച്ചിരുന്നു. വാക്കാല്‍ വിവാഹ ബന്ധം വിച്ഛേദിക്കാന്‍ പുരുഷന് അവകാശം നല്കുന്ന മുത്തലാഖ് നിയമം, ബഹുഭാര്യത്വം എന്നിവ നിരോധിക്കുക, വിവാഹപ്രായം സ്ത്രീകള്‍ക്ക് 18ഉം പുരുഷന്മാര്ക്ക് 21ഉം ആക്കി മുസ്ലിം സമുദായത്തിന് നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കത്ത്.
Discussion about this post