ന്യൂഡൽഹി : പാരീസ് ഒളിമ്പിക്സിന് ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ സംഘത്തിന് ഔദ്യോഗിക വസതിയിൽ സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ജാവലിൻ താരം നീരജ് ചോപ്ര ഒഴികെയുള്ള താരങ്ങളാണ് ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിച്ചേർന്നത്. മലയാളി താരം പിആർ ശ്രീജേഷ് അടക്കമുള്ള ഹോക്കി താരങ്ങളിൽ നിന്നും ടീമിലെ എല്ലാ അംഗങ്ങളും ഒപ്പിട്ട ഹോക്കി സ്റ്റിക്കും ജേഴ്സിയും പ്രധാനമന്ത്രി സ്വീകരിച്ചു.
രണ്ട് വെങ്കല മെഡലുകൾ നേടാനായി തന്നെ സഹായിച്ച പിസ്റ്റൾ ഷൂട്ടിംഗ് താരം മനു ഭാക്കര്‍ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി. ഒളിമ്പിക്സിൽ മെഡൽ നേടിയ മറ്റു രണ്ടു ഷൂട്ടർമാരായ സരബ്ജോത് സിംഗ്, സ്വപ്‌നിൽ കുസാലെ എന്നിവരും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി.
പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ ഗുസ്തി താരം അമൻ സെഹ്രാവത്ത് ഒപ്പിട്ട ജേഴ്സി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ആറ് മെഡലുകളാണ് ഇത്തവണ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘം നേടിയത്. വെള്ളിമെഡൽ ജേതാവായ നീരജ് ചോപ്ര മാത്രമാണ് ഇതുവരെയും നാട്ടിലേക്ക് മടങ്ങിയെത്തിയിട്ടില്ലാത്തത്. ഞരമ്പിന് പരിക്കേറ്റിട്ടുള്ളതിനാൽ ജർമനിയിൽ ചികിത്സയിലാണ് നീരജ് ചോപ്ര.
Discussion about this post