പാലക്കാട് : പാലക്കാട്-തിരുനെൽവേലി റൂട്ടിലോടുന്ന പാലരുവി എക്സ്പ്രസ് ഇനി തൂത്തുക്കുടി വരെ യാത്ര ചെയ്യും. ജനങ്ങളുടെ ഏറെ നാളായുള്ള ആവശ്യപ്രകാരം ആണ് ഇന്ത്യൻ റെയിൽവേ പാലരുവി എക്സ്പ്രസ്സ് തൂത്തുക്കുടി വരെ നീട്ടിയിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനപ്രകാരമുള്ള ഈ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.
ആഗസ്റ്റ് 15ആം തീയതി വൈകിട്ട് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. പാലരുവി എക്സ്പ്രസ് തൂത്തുക്കുടി വരെ നീട്ടിയത് കൂടാതെ അന്ത്യോദയ എക്സ്പ്രസിന് ആലുവയിൽ പുതിയ സ്റ്റോപ്പും റെയിൽവേ അനുവദിച്ചിട്ടുണ്ട്. ഹൗറയിൽ നിന്നും എറണാകുളം വരെയുള്ള അന്ത്യോദയ എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ഏറെക്കാലമായി ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു.
പുതിയ സ്റ്റോപ്പുകൾ കൂടാതെ പാലരുവി എക്സ്പ്രസിന് നാല് അധിക കോച്ചുകളും റെയിൽവേ അനുവദിച്ചിട്ടുണ്ട്. മൂന്ന് ജനറൽ കോച്ചുകളും ഒരു സ്ലീപ്പറും ആണ് അധികമായി അനുവദിച്ചിട്ടുള്ളത്. നേരത്തെ തിരുനെൽവേലി വരെ ഉണ്ടായിരുന്ന പാലരുവി എക്സ്പ്രസ് ഇപ്പോൾ 60 കിലോമീറ്റർ കൂടുതൽ ദൂരം സഞ്ചരിച്ച് തൂത്തുക്കുടി വരെ യാത്ര ചെയ്യുന്നതായിരിക്കും. പാലക്കാട് നിന്നും വൈകിട്ട് 4:05 ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്ന് രാവിലെ 6:40ന് ആയിരിക്കും തൂത്തുക്കുടിയിൽ എത്തുക.
Discussion about this post