ഹൈദരാബാദ് : ഇന്ത്യൻ പ്രതിരോധരംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനിലെ പ്രശസ്ത ശാസ്ത്രജ്ഞൻ രാം നരേൻ അഗർവാൾ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസഹ്യമായ അസുഖങ്ങളെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ‘അഗ്നി മിസൈലുകളുടെ പിതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ ശാസ്ത്രജ്ഞനാണ് വിടവാങ്ങുന്നത്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ രംഗത്തെ നിർണായക വ്യക്തിത്വമാണ് രാം നരേൻ അഗർവാൾ. രാജ്യത്തിന്റെ പ്രതിരോധത്തിന് സുപ്രധാന പങ്ക് വഹിക്കുന്ന അഗ്നി മിസൈലുകൾ വികസിപ്പിച്ചെടുത്തത് അദ്ദേഹത്തിന്റെ ഗവേഷണത്തിൻ കീഴിലായിരുന്നു.
ഇന്ത്യയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതി വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച രാം നരേൻ അഗർവാൾ 1983-ൽ ആരംഭിച്ച അഗ്നി മിസൈൽ പ്രോഗ്രാമിൻ്റെ പ്രോജക്ട് ഡയറക്ടർ ആയിരുന്നു.
ആണവശേഷിയുള്ള, ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലായ അഗ്നി V വികസിപ്പിച്ചെടുത്തതാണ് രാം നരേൻ അഗർവാളിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. 5,000 കിലോമീറ്ററിലധികം പ്രഹരശേഷിയുള്ള ഈ മിസൈൽ ആഗോള തലത്തിൽ രാജ്യത്തിൻ്റെ പ്രതിരോധ മേഖലയിൽ കാര്യമായ മാറ്റമാണ് ഉണ്ടാക്കിയത്. മിസൈൽ സാങ്കേതികവിദ്യയിൽ അത്യാധുനിക ഗവേഷണവും വികസനവും ലക്ഷ്യമാക്കി ഹൈദരാബാദിൽ അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറി (എഎസ്എൽ) സ്ഥാപിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
വിവിധ ദേശീയ അക്കാദമികളിലും അദ്ദേഹം അംഗമായിരുന്നു. 1990ൽ പത്മശ്രീയും 2000ത്തിൽ പത്മഭൂഷണും 2004-ൽ എയ്‌റോസ്‌പേസ്, അഗ്നി എന്നീ മേഖലകളിലെ സംഭാവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Discussion about this post