ദേശീയ ചലച്ചിത്ര പുരസ്കാര നിറവിലാണ് ബാലതാരം ശ്രീപദ്. 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരമാണ് ശ്രീപദ് സ്വന്തമാക്കിയത്. മാളികപ്പുറം എന്ന ചിത്രത്തിനാണ് ശ്രീപദിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ
ശ്രീപദിന് ആശംസകൾ അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ നടൻ ഉണ്ണി മുകുന്ദൻ.
ശ്രീപദിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഫെയ്സ്ബുക്കിലൂടെ ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചത്. അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ പ്രിയപ്പെട്ട ശ്രീപദ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണ്. വളരെയധികം സന്തോഷം തോന്നുന്നു, അഭിനന്ദനങ്ങൾ എന്നാണ് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം എന്ന സിനിമയിൽ പിയൂഷ് ഉണ്ണി എന്ന കഥാപാത്രത്തെയാണ് ശ്രീപദ് അവതരിപ്പിച്ചത്. 52 ദിവസത്തോളം നീണ്ട വ്രതം എടുത്തായിരുന്നു ശ്രീപദ് ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നത്. ടിക് ടോക് വീഡിയോകളിലൂടെ വൈറലായ ശ്രീപദിന് ‘കുമാരി’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നു. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് ശ്രീപദ്.
Discussion about this post