പണ്ട് കാലത്ത് മൈലാഞ്ചിയിലയും കറുവേപ്പിലയും കയ്യോന്നിയും എല്ലാം ആയിരുന്നു മുടി സംരക്ഷണത്തിനായുള്ള നമ്മുടെ മരുന്നുകളിൽ ഉൾപ്പെട്ടിരുന്നത്. ആഴ്ചയിൽ ഒരിക്കൽ ഇതിലേന്തെങ്കിലും ഒരില അരച്ച് തേയ്ക്കുകയോ അല്ലെങ്കിൽ ഇതുകൊണ്ടുള്ള എണ്ണ കാച്ചി തേയ്ക്കുകയോ ചെയ്യും. എന്നാൽ ഇന്ന് ഈ സ്ഥാനത്തേയ്ക്ക് കടന്നുവന്ന ഇലയാണ് റോസ് മേരി.
ഇന്ന് മുടി വളർത്തിയെടുക്കാനായി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് റോസ്‌മേരി. ഇതിന്റെ ഓയിൽ, വെള്ളം, ഷാംപൂ എന്നിവ ഇന്ന് വിപണിയിൽ ലഭ്യമാണ്. കുട്ടികൾ മുതൽ നല്ല മുടിയ്ക്കായി ഇവയെല്ലാം ഇന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത് കൊണ്ട് ഗുണമുണ്ടോ?.
മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമായ ഒന്നാണ് റോസ് മേരി ഇല എന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ മുടിയ്ക്കായി വിപണിയിൽ ഇറങ്ങുന്ന എല്ലാ കേശ സംരക്ഷണ ഉത്പന്നങ്ങളിലും പ്രധാന സ്ഥാനം റോസ് മേരിയ്ക്കുണ്ട്. ഇത് ഉപയോഗിച്ചുണ്ടാക്കുന്ന റോസ് മേരി വെള്ളം ഉപയോഗിക്കുന്നത് മുടിയ്ക്ക് ഏറെ ഗുണകരമാണ്.
റോസ് മേരി വെള്ളം എല്ലാ ദിവസവും ഉപയോഗിക്കുന്നത് മുടിയ്ക്ക് ഏറെ ഗുണകരമാണ്. മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഇതിന് കഴിയുന്നു. മുടി സമൃദ്ധമായി വളരാനും ഇത് സഹായിക്കുന്നു. റോസ് മേരി വെള്ളം നിത്യവും ഉപയോഗിക്കുന്നത് മുടിയുടെ ഘടന ശക്തമാക്കും. മുടിയുടെ പൊട്ടൽ കുറയ്ക്കും. മുടിയിൽ ജലാംശം നിലനിർത്താൻ ഈ റോസ്‌മേരി വെള്ളം വളരെ നല്ലതാണ്.
തലയോട്ടിയുടെ ആരോഗ്യത്തിനും റോസ് മേരി വെള്ളം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഫംഗൽ ബാധയിൽ നിന്നും താരനിൽ നിന്നും റോസ് മേരി വെള്ളം നമ്മുടെ തലയോട്ടിയെ സംരക്ഷിക്കും. ഇത് ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് രക്തചംക്രമണം ത്വരിതപ്പെടുത്തുന്നു.
Discussion about this post