ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാർഖണ്ഡിൽ ഹേമന്ത് സോറന് കടുത്ത വെല്ലുവിളി ഉയർത്തി ചമ്പായി സോറൻ. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ആയ ചമ്പായി സോറൻ തിരഞ്ഞെടുപ്പിനു മുൻപായി തന്നെ ബിജെപിയിലേക്ക് എത്തുമെന്നാണ് അഭ്യൂഹങ്ങൾ ഉയരുന്നത്. ചമ്പായി സോറന്റെ നീക്കവുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ വിവാദങ്ങൾ ഉയരുന്നതിനിടെ അദ്ദേഹം ഞായറാഴ്ച ഡൽഹിയിലെത്തി. മൂന്ന് എംഎൽഎമാരും അദ്ദേഹത്തോടൊപ്പമുണ്ട് എന്നുള്ളതാണ് ഡൽഹി യാത്ര കൂടുതൽ ശ്രദ്ധേയമാക്കുന്നത്.
മുൻ ജെഎംഎം എംഎൽഎ ലോബിൻ ഹെംബ്രോം വഴിയാണ് ചമ്പായി സോറൻ ബിജെപിയിലേക്ക് വരുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നത് എന്നാണ് സൂചന. എന്നാൽ ബിജെപിയിൽ ചേരുമോ എന്നുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചമ്പായി സോറൻ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഡൽഹി വിമാനത്താവളത്തിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ താൻ വ്യക്തിപരമായ ആവശ്യത്തിനാണ് ഡൽഹിയിൽ എത്തിയതെന്നും മകളെ കാണണമെന്നും മാത്രമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവാണ് ചമ്പായി സോറൻ. അഴിമതി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് ഹേമന്ത് സോറന് പകരമായി ജാർഖണ്ഡ് മുഖ്യമന്ത്രി പദവി അലങ്കരിച്ചിരുന്ന നേതാവാണ് അദ്ദേഹം. നിലവിൽ ജാമ്യം ലഭിച്ച ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് വലിയ കളങ്കം ഏറ്റിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. ഇതോടെയാണ് ചമ്പായി സോറൻ അടക്കമുള്ള ജെഎംഎം നേതാക്കൾ ബിജെപിയിലേക്ക് കൂടുമാറുന്നുവെന്ന് അഭ്യൂഹങ്ങൾ ഉയർന്നത്.
ജെഎംഎമ്മിൽ നിന്നും ചമ്പായി സോരൻ കൂടാതെ മറ്റു ചില എംഎൽഎമാരും ബിജെപിയിൽ ചേർന്നേക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചമ്പായി സോറൻ കൂടാതെ അഞ്ചോളം ജെഎംഎം നേതാക്കളുമായി പാർട്ടി നേതൃത്വത്തിന് ബന്ധപ്പെടാൻ കഴിയുന്നില്ല എന്നാണ് റിപ്പോർട്ട്. ജെഎംഎം എംഎൽഎമാരിൽ ദശരത് ഗാഗ്രായി, രാംദാസ് സോറൻ, ചമ്ര ലിൻഡ, ലോബിൻ ഹെംബ്രാം, സമീർ മൊഹന്തി എന്നിവരുമായി നേതൃത്വത്തിന് ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഇവർ ഉടൻ ബിജെപിയിൽ ചേർന്നേക്കും എന്നുമാണ് സൂചന.
Discussion about this post