ശ്രീനഗർ : മുൻ ജമ്മുകശ്മീർ ക്യാബിനറ്റ് മന്ത്രിയായ ചൗധരി സുൽഫിക്കർ അലി ബിജെപിയിൽ ചേർന്നു. ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് സുൽഫിക്കർ അലിയുടെ ഈ കൂട് മാറ്റം. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കപ്പെടാൻ കാരണം ബിജെപി ആണെന്നും ഇനിയുള്ള പ്രതീക്ഷ ബിജെപിയിൽ മാത്രമാണെന്നും പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം സുൽഫിക്കർ അലി വ്യക്തമാക്കി.
ഞായറാഴ്ച ജമ്മുകശ്മീരിലെ ബിജെപി ഓഫീസിൽ വച്ചാണ് ചൗധരി സുൽഫിക്കർ അലി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ നയങ്ങളും പദ്ധതികളും എല്ലാ ആളുകളിലേക്കും എത്തിച്ചേരുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ജമ്മുകശ്മീർ സമാധാനത്തിൽ ആണുള്ളത്. കല്ലേറുകൾ അവസാനിച്ചു. സാധാരണക്കാർക്ക് കൂടുതൽ സുരക്ഷിതത്വം തോന്നുന്നു. കാശ്മീരിൽ ഇപ്പോൾ ടൂറിസം വ്യവസായം വളർന്നുവരുന്നു. ഇതിനാൽ എല്ലാം ബിജെപിയിൽ വലിയ പ്രതീക്ഷയാണ് നിലവിൽ ജനങ്ങൾ വെച്ചിട്ടുള്ളത് എന്നും സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു.
70 വർഷം ജമ്മുകശ്മീർ ഭരിച്ചിട്ടും ഒമർ അബ്ദുള്ളയുടെ പാർട്ടി ഇപ്പോഴും മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും മാത്രമാണ് നൽകുന്നത് എന്നും ചൗധരി സുൽഫിക്കർ അലി സൂചിപ്പിച്ചു. ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ബിജെപിയിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18നാണ് ജമ്മുകശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആരംഭമാകുന്നത്. മൂന്ന് ഘട്ടങ്ങളിൽ ആയിട്ടാണ് ഇത്തവണ കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തുന്നത്.
Discussion about this post