ഗാന്ധിനഗർ : ഞായറാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ പാകിസ്താനിൽ നിന്നും കുടിയേറിയ 188 ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി. പുതുതായി നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമമായ സിഎഎ പ്രകാരം ഇന്ത്യൻ സർക്കാർ അനുവദിച്ച പൗരത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് വിതരണം ചെയ്തത്. സിഎഎ നടപ്പിലാക്കിയ ശേഷം ഗുജറാത്തിൽ ആദ്യമായാണ് ഇന്ത്യൻ പൗരത്വം നൽകപ്പെടുന്നത്.
പാകിസ്താനിലെ മതപീഡനത്തിന് ഇരയായി ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് വലിയ ആശ്വാസമാണ് ഇന്ത്യൻ പൗരത്വത്തിലൂടെ ലഭിക്കുന്നത്. അയൽരാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കളും ജൈനരും ബുദ്ധമതക്കാരും സിഖുകാരും ഉൾപ്പെടെയുള്ള അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
ജനങ്ങൾക്ക് അവരുടെ അവകാശങ്ങളും നീതിയും നൽകാനുള്ള ഒരു സംരംഭമാണ് സിഎഎ എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. 2014 വരെ കോൺഗ്രസ് പാർട്ടി ജനങ്ങൾക്ക് യാതൊരു അവകാശങ്ങളും നൽകിയിട്ടില്ല. കോടിക്കണക്കിന് ആളുകൾ അവരുടെ അവകാശങ്ങൾക്കായി കാത്തിരുന്നു, പക്ഷേ അവർക്ക് ഇൻഡി സഖ്യത്തിന് കീഴിലുള്ള പാർട്ടികളിൽ നിന്നും ഒരിക്കലും നീതി ലഭിച്ചില്ല. മതത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ജനങ്ങൾ അഭിമുഖീകരിച്ച പ്രശ്നങ്ങൾ മറക്കാൻ കഴിയുന്നതല്ല എന്നും അമിത് ഷാ അറിയിച്ചു. പൗരത്വദാന ചടങ്ങിന് പുറമെ അഹമ്മദാബാദിലും ഗാന്ധിനഗറിലുമായി ഏകദേശം 1000 കോടി രൂപയുടെ വികസന പദ്ധതികളും ഇന്ന് അമിത് ഷാ ഉദ്ഘാടനം നിർവഹിച്ചു.
Discussion about this post