മുംബൈ : ബാൽ താക്കറെയുടെ രാഷ്ട്രീയ അനന്തരാവകാശി ആകാൻ അർഹതയുണ്ടായിരുന്നത് രാജ് താക്കറെക്ക് ആയിരുന്നെന്ന് ശിവസേന ഷിൻഡെ വിഭാഗം തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ് താക്കറെ
ശിവസേന വിട്ടുപോകുമെന്ന് ബാലസാഹിബ് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്നും ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. ബാൽ താക്കറെയുടെ മകൻ ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് സഹോദര പുത്രനായ രാജ് താക്കറെ ശിവസേന വിട്ട് മഹാ നവനിർമ്മാൺ സേന എന്ന പാർട്ടി രൂപീകരിച്ചത്.
ബാലാസാഹിബിന്റെ ശിവസേനക്കൊപ്പം ശക്തമായ നിലപാടുകളും പിന്തുണയുമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു രാജ് താക്കറെ എന്നും ഏക്നാഥ് ഷിൻഡെ ഓർമ്മിച്ചു. 1995ലെ തിരഞ്ഞെടുപ്പിൽ പ്രചാരണ പര്യടനങ്ങളിലും യോഗങ്ങളിലും സുപ്രധാന പങ്ക് വഹിച്ചത് രാജ് ആയിരുന്നു. അന്ന് ശിവസേനയിൽ ഒരുവശത്ത് ബാലാസാഹിബും മറുവശത്ത് രാജ് താക്കറെയും കൂടി വ്യത്യസ്തമായ പദ്ധതികൾ തയ്യാറാക്കി പാർട്ടിയെ സുശക്തമായി നിലനിർത്തുന്നതിൽ വലിയ പങ്കു വഹിച്ചു എന്നും ഏക്നാഥ് ഷിൻഡെ അഭിപ്രായപ്പെട്ടു.
എന്നാൽ ശിവസേനയുടെ ഉത്തരവാദിത്വം രാജ് താക്കറെ ഏറ്റെടുക്കേണ്ട സമയമായപ്പോളാണ് ഉദ്ധവ് താക്കറയുടെ ഒളിഞ്ഞിരിക്കുന്ന ആഗ്രഹം ഉണർന്നു വന്നതെന്ന് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. ഉദ്ധവ് നടത്തിയ ചില വൃത്തികെട്ട കളികളാണ് രാജ് താക്കറെയെ പുറത്താക്കുന്നതിനും ഉദ്ധവിനെ വർക്കിംഗ് പ്രസിഡണ്ട് ആക്കാൻ തീരുമാനിക്കുന്നതിനും ഇടയാക്കിയത് എന്നും ഏക്നാഥ് ഷിൻഡെ അഭിപ്രായപ്പെട്ടു. പാർട്ടി നേതാക്കൾ എപ്പോഴും കുടുംബത്തിന്റെ താല്പര്യങ്ങൾക്ക് അപ്പുറം പാർട്ടിക്ക് പ്രാധാന്യം നൽകണമെന്ന സന്ദേശമാണ് രാജ് താക്കറെ പുറത്തു പോയതിനുശേഷം ശിവസേനയ്ക്ക് ഉണ്ടായ അനുഭവം കാണിച്ചുതരുന്നതെന്നും ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.
Discussion about this post