എറണാകുളം: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും വ്യക്തമാക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചു . നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് രഞ്ജിനി പ്രതികരിച്ചു. കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ടെന്നും നടി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഈ വിധിയെ തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുമെന്ന് കേരള സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് നടി രഞ്ജിനി ഈ വിഷയത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
ഹേമ കമ്മിറ്റിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും മൊഴി നൽകിയവരുടെ അനുമതി തേടാതെ റിപ്പോർട്ട് പുറത്തുവിടരുത് എന്നാണ് രഞ്ജിനി ആവശ്യം ഉന്നയിക്കുന്നത്. യഥാർത്ഥത്തിൽ 295 പേജുകൾ ഉള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 62 പേജുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ട് ആയിരിക്കും പുറത്ത് വിടുക എന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ ഒഴിവാക്കാനാണ് ഈ 62 പേജുകൾ ഒഴിവാക്കിയിരിക്കുന്നത് എന്നും വിശദീകരണം ഉണ്ടായിരുന്നു.
Discussion about this post