സൈക്കി 16 എന്ന ഛിന്നഗ്രഹത്തെ കുറിച്ച് കേട്ടിട്ടില്ലേ. ഛിന്നഗ്രഹങ്ങൾക്കിടയിലെ കുബേരനാണവൻ.സ്വർണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളും കൊണ്ടാണ് സൈക്കി രൂപീകരിക്കപ്പെട്ടിരിക്കുന്നത്. പതിനായിരം ക്വാഡ്രില്യൻ യുഎസ് ഡോളർ (1 ക്വാഡ്രില്യൻ=10,000,000 കോടി) മൂല്യമുള്ളതാണ് ഈ ഛിന്നഗ്രഹം.ഭൂമിയിലെ മുഴുവൻ രാജ്യങ്ങളുടെയും മൊത്തം സമ്പദ്‌വ്യവസ്ഥയുടെ ആകെത്തുകയേക്കാൾ എത്രയോ കൂടുതലാണ് ഇത്….പ്രധാനമായും ഇരുമ്പും നിക്കലുമാണ് ഈ ഛിന്നഗ്രഹത്തിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ സ്വർണവും ധാരാളമുണ്ട്. ഒപ്പം അമൂല്യ ലോഹങ്ങളായ പ്ലാറ്റിനവും ഇറിഡിയവും റീനിയവും.
ഇപ്പോഴിതാ സൈക്കിയെ സംബന്ധിച്ച നിർണായക വിവരം പുറത്തുവന്നിരിക്കുകയാണ്. സൈക്കി തുരുമ്പെടുക്കുകയാണെന്നാണ് പുതിയ പഠനം. പ്രപഞ്ചത്തിലെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്‌കോപ്പെന്ന് അറിയപ്പെടുന്ന ജയിംസ് വെബിന്റെ നിരീക്ഷണത്തിലാണ് സൈക്കിയുടെ ഈ പുതിയ അവസ്ഥ വെളിപ്പെട്ടത്. ഛിന്നഗ്രഹത്തിലെ ജലത്തിൻ്റെ ഒരു ഘടകം ആണ് ലോഹ സമ്പത്ത് തുരുമ്പെടുക്കുന്നതിന് കാരണമത്രേ. ജലം പ്രത്യേക ഘടകരൂപത്തിലാണ് ഛിന്നഗ്രഹത്തിലുള്ളത്.
1852 ൽ ഇറ്റലിയിലെ നേപ്പിൾസിൽ വാനനിരീക്ഷകനായ അനിബെൽ ഡി ഗാസ്പാരിസാണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഭൂമിയിൽ നിന്നു 37 കോടി കിലോമീറ്റർ അകലെയാണ് ഈ ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. 280 കിലോമീറ്ററാണ് ഇതിന്റ വീതി.ഭൂമിയുടെ ഉൾക്കാമ്പ് (കോർ) പോലെ വേറെ ഏതോ ഗ്രഹത്തിന്റെ ഉൾക്കാമ്പായിരുന്നു സൈക്കിയെന്നും അനുമാനങ്ങളുണ്ട്.
സൈക്കിയുടെ അളവറ്റ സമ്പത്ത് ഭൂമിയിലേക്കെത്തിക്കാനൊന്നും നമ്മുടെ സാങ്കേതിക വിദ്യ വളർന്നിട്ടില്ല. അഥവാ സാധ്യമായാൽ വലിയ ദുരന്തത്തിന് ആകും അത് കാരണമാകുക.ഇത്രയധികം ലോഹങ്ങൾ എത്തുന്നതോടെ തന്നെ നമ്മുടെ നിലവിലെ വിപണികൾ ഇടിഞ്ഞുവീഴാനാകും സാധ്യത. ഇത് കറൻസികളുടെ ഉൾപ്പടെ മൂല്യം തകരാനും ലോകത്തിൻ്റെ സമ്പദ് വ്യവസ്ഥ തകർന്ന് മുഴുപ്പട്ടിണിയിലേക്ക് പോവാനും സാധ്യത ഉണ്ട്.
Discussion about this post