ചെന്നൈ: വെല്ലൂരില്‍ സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍ ശനിയാഴ്ചയുണ്ടായ പൊട്ടിത്തെറി ഉല്‍ക്കയുടെ ഭാഗം വീണതുകൊണ്ടാണെന്ന് സംശയം. സ്ഫോടകവസ്തുക്കളല്ല പൊട്ടിത്തെറിക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.
വെല്ലൂരിനടുത്ത് നട്രംപള്ളിയിലെ ഭാരതീദാസന്‍ എന്‍ജിനീയറിങ് കോളേജ് വളപ്പില്‍ രാവിലെ പതിനൊന്നരയോടെയുണ്ടായ സ്ഫോടനത്തില്‍ ബസ്ഡ്രൈവര്‍ കാമരാജ് (42) മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .മരിച്ച കാമരാജ് പത്തടിയോളം ദൂരത്തേക്ക് തെറിച്ചുപോയി.
ഞായറാഴ്ച ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞര്‍ സ്ഥലം പരിശോധിച്ചു. പ്രത്യേകതരത്തിലുള്ള കല്ലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അവര്‍ പറഞ്ഞു. പൊട്ടിത്തെറിച്ച വസ്തു മുകളില്‍നിന്നാണ് വന്നതെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
കോളേജ് ബസ്സുകള്‍ നിരത്തിയിട്ടിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. കാമരാജിന്റെ മരണത്തില്‍ മുഖ്യമന്ത്രി ജയലളിത അനുശോചിച്ചു. കുടുംബാംഗങ്ങള്‍ക്ക് സഹായധനമായി ഒരു ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് ചികിത്സാസഹായമായി 25,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
Discussion about this post