ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളിൽ ഒന്നായ മാരുതി സ്വിഫ്റ്റ് നാലാം തലമുറയിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി തങ്ങളുടെ നാലാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കിയത്. 2005ൽ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വീകാര്യത നേടിയ വാഹനമായിരുന്നു മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. ഏറ്റവും ഒടുവിലായി 3-സിലിണ്ടർ Z സീരീസ് പെട്രോൾ എഞ്ചിൻ വാഹനമായാണ് നാലാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കിയിട്ടുള്ളത്.
20 വർഷമായി ഇന്ത്യൻ വാഹന വിപണിയിലെ എല്ലാ തരംഗങ്ങളെയും അതിജീവിച്ച് നിലനിൽക്കുന്ന ജനപ്രിയ വാഹനമാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. കഴിഞ്ഞ സാമ്പത്തിക വർഷം വരെയുള്ള കണക്കനുസരിച്ച് 25 ലക്ഷത്തിലേറെ സ്വിഫ്റ്റ് കാറുകൾ വിൽപ്പന നടത്തിയിട്ടുണ്ട് എന്നുള്ളത് ഇന്ത്യൻ കാർ ഉപഭോക്താക്കളിൽ സ്വിഫ്റ്റിനോടുള്ള താല്പര്യം എത്രയുണ്ടെന്ന് കാണിക്കുന്നതാണ്. 2005ൽ ആയിരുന്നു ‘ഫസ്റ്റ് ജനറൽ മാരുതി സുസുക്കി സ്വിഫ്റ്റ് ‘ എന്ന മാരുതിയുടെ പുതുതലമുറ കാർ പുറത്തിറങ്ങുന്നത്. അതുവരെ വാഹന വിപണി ഭരിച്ചിരുന്ന മാരുതിയുടെ 800, ആൾട്ടോ കാറുകളിൽ നിന്നും വ്യത്യസ്തമായ ഫീച്ചറുകളും ഡിസൈനും ആയിരുന്നു സ്വിഫ്റ്റിനെ ശ്രദ്ധേയമാക്കിയത്. മറ്റു മാരുതി ഹാച്ച്ബാക്കുകളിൽ നിന്നും വ്യത്യസ്തമായ ഒരു ഡിസൈൻ ഫീച്ചറും G13 പെട്രോൾ എഞ്ചിനുമായി ആണ് സ്വിഫ്റ്റിന്റെ ഒന്നാം തലമുറ കാർ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത്.
2007 ന്റെ തുടക്കത്തിൽ തന്നെ ഒന്നാം തലമുറ സ്വിഫ്റ്റിന്റെ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് കടന്നു. 2019 മാരുതി സ്വിഫ്റ്റിന്റെ രണ്ടാം തലമുറ ഹാച്ച്ബാക്ക് അവതരിപ്പിക്കുമ്പോഴേക്കും 5 ലക്ഷത്തിലേറെ കാറുകളുടെ വിൽപ്പന നടന്നിരുന്നു. ഒന്നാം തലമുറ കാറിനേക്കാൾ വലിപ്പവും വിശാലമായ ഇന്റീരിയറും ആയിരുന്നു രണ്ടാം തലമുറ സ്വിഫ്റ്റിന്റെ പ്രധാന ആകർഷണം. 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.3 ലിറ്റർ ഡീസൽ എൻജിനിലും ആണ് ഈ രണ്ടാം തലമുറ സ്വിഫ്റ്റ് അവതരിപ്പിക്കപ്പെട്ടിരുന്നത്. 2018ൽ മൂന്നാം തലമുറ മോഡൽ പുറത്തിറക്കുമ്പോഴേക്കും രണ്ടാം തലമുറ സ്വിഫ്റ്റ് 20 ലക്ഷത്തിലേറെ യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിരുന്നു.
2018ലായിരുന്നു മാരുതി സുസുക്കി സ്വിഫ്റ്റ് മൂന്നാം തലമുറയിലേക്കുള്ള പരിണാമം നടത്തിയത്. പുതുമയുള്ള ഡിസൈനും വിശാലമായ ക്യാബിനും ആയിരുന്നു മൂന്നാം തലമുറ സ്വിഫ്റ്റിന്റെ പ്രധാന ആകർഷണം. മറ്റു രണ്ടു മോഡലുകളെയും അപേക്ഷിച്ച് ഭാരം കുറവായിരുന്നു എന്നുള്ളത് മൂന്നാം തലമുറ കാറിനെ വേറിട്ടതാക്കി. 1.2 ലിറ്റർ പെട്രോൾ എൻജിനും 1.3 ലിറ്റർ ഡീസൽ എൻജിനും ഒപ്പം ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ സൗകര്യം ലഭ്യമാക്കിയതും സ്വിഫ്റ്റിനെ കൂടുതൽ ജനപ്രിയമാക്കി. 2020 ഓടെ മാരുതി ഡീസൽ എൻജിൻ ശ്രേണികൾ അവസാനിപ്പിച്ചു. 2021ൽ ക്ലീനർ ബേണിങ് ഡ്യൂവൽജെറ്റ് 1.2 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനിലേക്കുള്ള മാറ്റം മാരുതിയുടെ മറ്റൊരു സുപ്രധാന ചുവടുവെപ്പായിരുന്നു.
ഒടുവിൽ ഇതാ 2024ൽ മാരുതി സുസുക്കി തങ്ങളുടെ നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് നാലാം തലമുറ സ്വിഫ്റ്റ് ആയ Zസീരീസ് പുറത്തിറക്കിയിരിക്കുന്നത്. 111.7 Nm ഉപയോഗിച്ച് കുറഞ്ഞ വേഗതയുള്ള ലോ-എൻഡ് ടോർക്കാണ് നാലാം തലമുറ സ്വിഫ്റ്റിന്റെ പ്രധാന വ്യത്യസ്തതകളിൽ ഒന്ന്. നഗരങ്ങളിലെ ട്രാഫിക് കുരുക്കുകൾക്ക് അനുയോജ്യമായ രീതിയിൽ വേഗത കുറച്ച് ഇന്ധനക്ഷമത ക്രമീകരിക്കാൻ സഹായപ്രദമാണ് ഇത്. ഏകദേശം 26 kmpl മൈലേജ് ആണ് നാലാം തലമുറ സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. ഭാരം കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ലൈറ്റ് ഹൈഡ്രോളിക് ക്ലച്ചും 5-സ്പീഡ് മാനുവൽ ഗിയർബോക്‌സും നഗരസഞ്ചാരത്തിന് അനുയോജ്യമായ കാറായി സ്വിഫ്റ്റ് Zസീരീസിനെ മാറ്റുന്നു.
15 ഇഞ്ച് പ്രിസിഷൻ കട്ട് ടു-ടോൺ അലോയ് വീലുകൾക്കൊപ്പം എൽഇഡി ടെയിൽലാമ്പുകളും പുറകിൽ പാർക്കിംഗ് ക്യാമറയും Z സീരീസിന് ഉണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ+ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, വയർലെസ് ഫോൺ ചാർജർ എന്നിവയുള്ള 4.2 ഇഞ്ച് എംഐഡി എന്നിവ അടങ്ങിയിട്ടുള്ള ഡ്രൈവർ ക്യാബിനും നാലാം തലമുറ സ്വിഫ്റ്റിനെ കൂടുതൽ ജനപ്രിയമാക്കുമെന്നാണ് മാരുതി സുസുക്കി പ്രതീക്ഷിക്കുന്നത്.
Discussion about this post