കൊൽക്കത്ത : പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട കേസിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർക്കെതിരെ വിവാദപ്രസ്താവനയുമായി തൃണമൂൽ കോൺഗ്രസ് നേതാവ്. തൃണമൂൽ എംപിയായ അരൂപ് ചക്രവർത്തി ആണ് പ്രതിഷേധിക്കുന്ന ഡോക്ടർമാർക്കെതിരെ മോശം പ്രസ്താവനയുമായി രംഗത്തെത്തിയത്. ജോലി ചെയ്യാതെ നിങ്ങൾ വീട്ടിൽ പോവുകയോ കാമുകന്മാരോടൊപ്പം കറങ്ങുകയോ ചെയ്തോളൂ, ഏതെങ്കിലും ഒരു രോഗി മരിച്ച് പൊതുജനങ്ങൾ നിങ്ങൾക്കെതിരെ തിരിഞ്ഞാൽ ജനരോഷത്തിൽ നിന്നും നിങ്ങളെ ഞങ്ങൾ രക്ഷിക്കില്ല എന്നായിരുന്നു അരൂപ് ചക്രവർത്തി പ്രസ്താവന നടത്തിയത്.
ഞായറാഴ്ച പശ്ചിമബംഗാളിലെ ബംഗുരയിൽ നടന്ന പൊതു റാലിയിൽ വച്ചായിരുന്നു തൃണമൂൽ എംപി അരൂപ് ചക്രവർത്തി ഡോക്ടർമാർക്കെതിരെ ഇത്തരം ഒരു പ്രസ്താവന നടത്തിയത്. കൊൽക്കത്തയിലെ ആർജി കാർ ഹോസ്പിറ്റലിൽ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനി ഡോക്ടർ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യമായി ഡോക്ടർമാർ പ്രതിഷേധത്തിന് ഇറങ്ങിയിരുന്നു. ഡോക്ടർമാരുടെ ഈ പണിമുടക്കിനെതിരെ ആണ് തൃണമൂൽ കോൺഗ്രസ് നേതാവ് വളരെ മോശമായ രീതിയിൽ പ്രതികരിച്ചത്.
സംഭവം വലിയ വാർത്തയായിട്ടും തന്റെ നിലപാടിൽ നിന്നും ഒട്ടുംതന്നെ പിന്നോട്ട് മാറുന്നില്ലെന്നും അരൂപ് ചക്രവർത്തി വ്യക്തമാക്കി. ഡോക്ടർമാർ ഇങ്ങനെ പണിമുടക്കിയാൽ സ്വാഭാവികമായും പൊതുജന രോഷം ഉണ്ടാവും. പൊതുജനങ്ങൾ ഈ ഡോക്ടർമാർക്ക് എതിരായി തന്നെ തിരിയും എന്നുമായിരുന്നു തൃണമൂൽ എംപി പിന്നീട് നടത്തിയ പ്രതികരണത്തിൽ വ്യക്തമാക്കിയത്.
Discussion about this post