തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് പവർകട്ട് ഉണ്ടാവില്ല, വൈദ്യുതി നിയന്ത്രണം മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്നാണ് മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കിയത്. ഇടതു സർക്കാരിന്റെ കാലത്ത് പവർകട്ട് ഉണ്ടാവില്ല എന്ന് പറഞ്ഞുകൊണ്ട് അധികാരത്തിലെത്തിയ സർക്കാർ പവർകട്ട് ഏർപ്പെടുത്തിയതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വൈദ്യുത മന്ത്രിയുടെ ഈ വിശദീകരണം.
സംസ്ഥാനത്ത് നിലവിൽ വൈദ്യുത പ്രതിസന്ധിയോ ആശങ്കപ്പെടേണ്ട സാഹചര്യമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര വിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. കേരളത്തിൽ ആണവനിലയം സ്ഥാപിക്കും എന്ന് ആരും തന്നെ പറഞ്ഞിട്ടില്ല. അത് നയപരമായി എടുക്കേണ്ട തീരുമാനമാണ്. കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് കഴിഞ്ഞ ദിവസം കെഎസ്ഇബി ആയിരുന്നു അറിയിപ്പ് നൽകിയിരുന്നത്. വൈദ്യുതി ആവശ്യകതയിൽ വന്ന വർദ്ധനവും പവർ എക്സ്ചേഞ്ച് മാർക്കറ്റിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും ആണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമാവുന്നതെന്നും കെഎസ്ഇബി അറിയിച്ചിരുന്നു. ഇതോടെ ഇടതു സർക്കാരിന്റെ മുൻനിലപാടുകൾ ചൂണ്ടിക്കാട്ടി വിമർശനം ഉയർന്നതോടെ ആണ് വൈദ്യുത മന്ത്രി വിശദീകരണം നൽകിയത്.
Discussion about this post