ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. സംഭവത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഉധംപൂർ ജില്ലയിലെ രാംനഗറിലെ ചീൽ മേഖലയിൽ ആണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
സിആർപിഎഫ് ജവാൻ ഇൻസ്പെക്ടർ കുൽദീപ് സിംഗ് ആണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്മീർ പോലീസ് എസ്ഒജി ടീമിനൊപ്പം സിആർപിഎഫ് നടത്തിയിരുന്ന പട്രോളിംഗിന് നേരെ തിങ്കളാഴ്ച വൈകിട്ടാണ് തീവ്രവാദി വെടിയുതിർത്തത്. തീവ്രവാദി ആക്രമണത്തെ തുടർന്ന് കൂടുതൽ സേനയെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട് എന്നും തീവ്രവാദികളെ കണ്ടെത്തി നിർവീര്യമാക്കാൻ തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ മാസം ആദ്യവും ജമ്മു കശ്മീരിലെ കിഷ്ത്വാർ, ഉധംപൂർ ജില്ലകളിലെ വിദൂര വനമേഖലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ രണ്ട് ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ഞായറാഴ്ച വൈകുന്നേരം ഉധംപൂർ ജില്ലയിലെ ബസന്ത്ഗഢ് വനമേഖലയിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു.
Discussion about this post