ശ്രീനഗർ : ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് വൻ തിരിച്ചടി. പിഡിപി മുഖ്യ വക്താവ് സുഹൈൽ ബുഖാരി ചൊവ്വാഴ്ച പാർട്ടിയിൽ നിന്ന് രാജിവച്ചു. പിഡിപി പ്രസിഡൻ്റ് മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായി ആയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മെഹബൂബ മുഫ്തിയുടെ ഉപദേശകനായിരുന്നു മുൻ മാദ്ധ്യമപ്രവർത്തകൻ കൂടിയായ സുഹൈൽ ബുഖാരി.
ജമ്മു കശ്മീർ തിരഞ്ഞെടുപ്പിൽ തഴയപ്പെട്ടതാണ് സുഹൈൽ ബുഖാരി പാർട്ടി വിടാൻ കാരണമെന്നാണ് പറയപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബുഖാരി വാഗൂര-ക്രീരി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ മുൻ മന്ത്രി ബഷാരത്ത് ബുഖാരി അടുത്തിടെ പിഡിപിയിലേക്ക് മടങ്ങിവന്നത് സുഹൈൽ ബുഖാരിയുടെ സാധ്യത കുറയ്ക്കുകയായിരുന്നു.
ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള 90 അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സെപ്തംബർ 18ന് ആരംഭിക്കുന്നതാണ്. മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. സെപ്തംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ ആയിരിക്കും ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 4 നാണ് വോട്ടെണ്ണൽ.
Discussion about this post