കൊൽക്കത്ത: വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ബംഗാൾ സർക്കാർ. രണ്ട് അസിസ്റ്റന്റ് കമ്മീഷ്ണർമാരെയും ഒരു ഇൻസ്‌പെക്ടറെയും സസ്പെൻഡ‍് ചെയ്തു. അസിസ്റ്റന്റ് കമ്മീഷണർമാരായ ഷാക്കിർ ഉദ്ദീൻ സർദാർ, രമേഷ് ഷാ ചൗധരി, ഇൻസ്പെക്ടർ രാകേഷ് മിൻസ് എന്നിവർക്കാണ് സസ്പെൻഷൻ.
മൂന്ന് പേർക്കും എതിരെ വകുപ്പ് തല നടപടി ആരംഭിച്ചു. ആശുപത്രി അക്രമണ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് നടപടി.
ഡോക്ടറിന്റെ കൊലപാതകത്തില്‍ പോലീസിനും ആശുപത്രിക്കുമെതിരെ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. കേസിൽ സുപ്രിംകോടതിയിൽ സർക്കാർ അതിരൂക്ഷ വിമർശനമാണ് നേരിട്ടത്. കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് കൊലപാതകത്തിന് ശേഷവും സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് കോടതി വിമര്‍ശിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ മേൽ ബംഗാൾ സർക്കാരിന്റെ അധികാരം അഴിച്ചുവിടരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് നടപടികൾ സ്വീകരിക്കാൻ മറ്റൊരു ബലാത്സംഗംവരെ കാത്തിരിക്കാൻ കഴിയില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
Discussion about this post