ന്യൂഡൽഹി : ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണ ചുമതല മുൻ ജനറൽ സെക്രട്ടറി രാം മാധവ്, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി എന്നിവർക്ക്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് തീരുമാനമെടുത്തത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് ആണ് രാം മാധവിനും ജി കിഷൻ റെഡ്ഡിയ്ക്കും തിരഞ്ഞെടുപ്പ് ചുമതല നൽകിയതായി അറിയിച്ചത്.
2014-20 കാലയളവിലാണ് രാം മാധവ് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായത്. ജമ്മു കശ്മീർ, അസം, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയുടെ രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. സെക്കന്ദരാബാദ് എംപി ആയ ജി കിഷൻ റെഡ്ഡി മൂന്നാം നരേന്ദ്രമോദി സർക്കാരിലെ കൽക്കരി, ഖനി വകുപ്പുകളുടെ മന്ത്രിയാണ്.
ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള 90 അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സെപ്തംബർ 18ന് ആരംഭിക്കുന്നതാണ്. മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. സെപ്തംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ ആയിരിക്കും ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 4 നാണ് വോട്ടെണ്ണൽ.
Discussion about this post