തിരുവനന്തപുരം :ബി എസ് എൻ എൽ മൊബൈൽ സേവനത്തിൽ ചില സമയങ്ങളിൽ നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ …? തടസ്സം നേരിടുന്നത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ബിഎസ്എൻഎൽ.
പുതിയ 4ജി ടവറുകൾ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിംഗ് കൃത്യമാക്കൽ പ്രക്രിയ മൂലമാണ് തടസ്സം നേരിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകൾ കേരളത്തിലും സ്ഥാപിച്ചുവരികയാണ്. ഇതിനാലാണ് ഉപഭോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിടുന്നത് എന്ന് ബിഎസ്എൻഎൽ അറിയിച്ചു.
എന്നാൽ ഇപ്പോഴും സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ കീപ്പാഡ് ഫോണുകൾ ഉപയോഗിക്കുന്നവരുണ്ട്. അവർക്കായി 2 ജി നെറ്റ് വർക്ക് നിലനിർത്തേണ്ടതുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.) തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ നടപ്പാക്കുമ്പോൾ, 2ജി യിലുള്ള ഉപഭോക്താക്കളെ കൈവിടരുതെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നു.
അതിനാൽ നിലവിലുള്ള 2ജി, 3ജി ടവറുകളിലെ ഉപകരണങ്ങൾ മാറ്റി 4ജി സംവിധാനങ്ങൾ സ്ഥാപിക്കുമ്പോൾ പഴയ 2ജി സേവനം നിലനിർത്താനുള്ള ശ്രമമാണ് പ്രധാനമായും നടത്തുന്നത് . മൊബൈൽ സേവനമെത്തിക്കുന്നതിൽ 4ജിക്ക് പായ്ക്കറ്റ് സ്വിച്ചിങ്ങും 2ജിക്ക് സർക്യൂട്ട് സ്വിച്ചിങ്ങുമാണ് ഉപയോഗിക്കുന്നത്. 2ജി സേവനം നൽകേണ്ടെങ്കിൽ പായ്ക്കറ്റ് സ്വിച്ചിങ് വഴി കോളുകൾ വരുകയും പോകുകയും ചെയ്യും. എന്നാൽ, കീപ്പാഡ് ഫോണുകളിലേക്ക് 4ജിയിലുള്ള ഒരു സിഗ്നൽ വരുമ്പോൾ അതിനെ 2 ജിക്ക് ഇണങ്ങുന്ന തരത്തിലേക്ക് മാറ്റണം. അതിനുവേണ്ടി ബി.എസ്.എൻ.എൽ സർക്യൂട്ട് സ്വിച്ച്ഡ് ഫോൾബാക്ക്(സി.എസ്.എഫ്.ബി.) എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
ഒക്ടോബറിന് മുൻപ് സംസ്ഥാനത്തെ 4000 ടവറുകളിൽ 4 ജി സേവനം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 5ജി സേവനംകൂടി നൽകാൻ കഴിയുന്ന ഉപകരണങ്ങളാണ് ടി.സി.എസ്. വികസിപ്പിച്ചത്. 5 ജി സേവനം എന്നുമുതൽ എന്ന കാര്യത്തിലുള്ള തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.
Discussion about this post