തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത മഴയും കാറ്റും മൂലം വിവിധ ജില്ലകളിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം-ആലപ്പുഴ ട്രെയിൻ സർവീസ് ട്രാക്കിലേക്ക് മരം കടപുഴകി വീണതിനാൽ തടസ്സപ്പെട്ടു. സമാനമായ രീതിയിൽ തകഴിയിൽ റെയിൽവേ ട്രാക്കിൽ മരം വീണ് തടസ്സമുണ്ടായതിനാൽ കൊല്ലം-ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിടുകയും ചെയ്തിട്ടുണ്ട്.
തുമ്പോളിയിലും ട്രാക്കിൽ തടസ്സം നേരിട്ടതിനാൽ എറണാകുളത്തു നിന്നും ആലപ്പുഴ, കോട്ടയം വഴി വരുന്ന എല്ലാ ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. കൊല്ലം പരവൂർ മേഖലയിൽ ട്രാക്കിലേക്ക് മരം വീണതിനാൽ കോട്ടയത്തു നിന്നും ഉള്ള പാലരുവി എക്സ്പ്രസ് ഓച്ചിറയിൽ ദീർഘനേരം പിടിച്ചിടാൻ ഇടയായി.
ആലപ്പുഴയിൽ ഉൾപ്പെടെ ശക്തമായ കാറ്റും മഴയുമാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്. തുറവൂരിൽ കാറിന് മുകളിൽ മരം വീണ് അപകടം ഉണ്ടായി. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഉള്ള ട്രെയിനുകളാണ് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണത് മൂലം ബാധിക്കപ്പെട്ടത്. പിന്നീട് മരങ്ങൾ മുറിച്ചുമാറ്റിയാണ് പലയിടത്തും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.
Discussion about this post