ന്യൂഡൽഹി: മുൻ കരസേന മേധാവി ജനറൽ എസ്. പത്മനാഭന്റെ ( സൗന്ദരരാജൻ പത്മനാഭൻ) അപ്രതീക്ഷിത വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് കരുത്തുറ്റ മറ്റൊരു പോരാളിയെ കൂടി. ജമ്മു കശ്മീരിലെ ഭീകരരെ നിരവധി തവണ തന്റെ ധൈര്യത്തിന് മുൻപിൽ മുട്ടുകുത്തിച്ച ധീര സൈനികനാണ് പത്മനാഭൻ. ഈ ധൈര്യത്തിൽ അതിശയിച്ചാണ് കരസേനയെ മുഴുവനായി അന്നത്തെ സർക്കാർ അദ്ദേഹത്തിന്റെ കൈകളിൽ ഏൽപ്പിച്ചതും.
2000 ഒക്ടോബർ ഒന്നിനായിരുന്നു കരസേന മേധാവിയായി പത്മനാഭൻ ചുമതലയേറ്റത്. ഇതിന് മുൻപ് നോർതേൺ ആർമി കമാൻഡർ ആയിരുന്നു സൈനികർക്കിടയിൽ പാഡ്ഡി എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ടിരുന്ന പത്മനാഭൻ. ഇക്കാലത്ത് പാക് ഭീകരർക്കെതിരെ അദ്ദേഹം നടത്തിയ പടനീക്കം അന്നത്തെ പ്രതിരോധ മന്ത്രി മുലായം സിംഗ് യാദവിനെ വരെ ഞെട്ടിക്കുന്നതായിരുന്നു.
1996 ൽ സിയാച്ചിൻ മല നിരകളിൽ നിരീക്ഷണം നടത്താൻ മുലായംസിഗ് യാദവ് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ സുരക്ഷാ സേനയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു. വാർത്തകൾ പുറത്തായതോടെ ഇക്കാര്യം അറിഞ്ഞ പാകിസ്താന്റെ അടുത്ത നീക്കം ഇത് തടയുക എന്നതായിരുന്നു. നിരീക്ഷണത്തിനായി ബേസ് ക്യാമ്പിലെ ഹെലിപാഡിന് സമീപം എത്തിയ മുലായം സിംഗ് എത്തിയതോടെ താഴ്‌വരയിൽ ഉണ്ടായിരുന്ന സൈന്യത്തിന് നേരെ പാക് സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തി. ഇതറിഞ്ഞ പത്മനാഭൻ ആരോടും പറയാതെ സിയാചിൻ ബ്രിഗേഡ് കമാൻഡറുമായി ബന്ധപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണം ആരംഭിച്ചു. നിവൃത്തിയില്ലാതെ പാക് സൈന്യം പിന്മാറി.
2000 മുതൽ 2002 വരെ കശ്മീരിലെ ഭീകരർക്ക് നേരെ ശക്തമായ മുന്നേറ്റം ആയിരുന്നു പത്മനാഭന്റെ നേതൃത്വത്തിൽ സൈന്യം നടത്തിയത്. അതുകൊണ്ട് തന്നെ പാകിസ്താന്റെ ശക്തമായ ആക്രമണങ്ങൾ കൂടുതൽ ആയി നേരിടേണ്ടിവന്നതും ഈ കാലഘട്ടത്തിൽ ആയിരുന്നു. എന്നാൽ എല്ലാ ആക്രമണങ്ങൾക്കും പാകിസ്താന് ശക്തമായ തിരിച്ചടി നൽകി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം.
Discussion about this post