നമ്മുടെ ഭക്ഷണ ക്രമത്തിൽ പ്രധാന സ്ഥാനമാണ് വാഴ പഴത്തിന് ഉള്ളത്. പ്രഭാത ഭക്ഷണത്തിലും നാലുമണി പലഹാരങ്ങളിലുമെല്ലാം നിത്യ സാന്നിദ്ധ്യം ആണ് വാഴപ്പഴം. കേരളീയർക്ക് മാത്രമല്ല ലോകമെമ്പാടുമുള്ളവർക്ക് ഇഷ്ടമുള്ള പഴം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ വാഴ പഴത്തിന്റെ ആയിരത്തോളം ഇനങ്ങൾ ലോകത്തുണ്ട്. എന്നാൽ ഇതിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരിനത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
കാവൻഡിഷ് ബനാന എന്ന അറിയപ്പെടുന്ന ഇനമാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ആഗോള വിപണിയിൽ ഏറ്റവും പ്രിയപ്പെട്ട ഇനമായ ഇതിന്റെ ഉത്പാദനം ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈ ഇനത്തെ ബാധിച്ച ഒരു രോഗം ആയിരുന്നു വംശം നശത്തിലേക്ക് വഴിവച്ചത്.
ബനാന ഫുസാറിയം വിൽറ്റ് അഥവാ എഫ്ഡബ്ല്യുബി എന്ന രോഗമാണ് കാവൻഡിഷ് ഇനത്തെ ബാധിച്ചിട്ടുള്ളത്. ഫുസാറിയം ഓക്‌സിസ്‌പോറം റേസ് എന്ന രോഗാണുക്കൾ ആണ് ഈ അസുഖത്തിന് കാരണക്കാർ. ഈ രോഗാണുവിന്റെ ടിആർ4 എന്ന വകഭേദം ആണ് കാവൻഡിഷ് വാഴകളെ ബാധിച്ചതെന്നാണ് ഗവേഷകർ പറയുന്നത്.
വാഴയുടെ നാഡികളെയാണ് ഈ അസുഖം ബാധിക്കുക. ഈ രോഗം ബാധിച്ച വാഴകൾക്ക് വെള്ളവും മറ്റ് പോഷകങ്ങളും വലിച്ചെടുക്കാനും ഇവ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കാനും കഴിയാതെ വരുന്നു. ഇതോടെ വാഴ നശിച്ച് പോകും. ഇതാണ് ഉത്പാദനം കുറയാൻ കാരണം ആയത്. ഇത്തരത്തിൽ വാഴകൾ കൂട്ടത്തോടെ നശിച്ചു പോകുന്നതിനാൽ കർഷകർ മറ്റിനങ്ങളിൽ ആണ് ഇപ്പോൾ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. ഇത് തുടർന്നാൽ അധികം വൈകാതെ തന്നെ ഈ ഇനം ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും.
1950 ലാണ് വാഴകളെ ഈ അസുഖം ബാധിച്ച് തുടങ്ങിയത്. അന്ന് രോഗത്തിന് കാരണമായ ഫുസാറിയം ഓക്‌സിസ്‌പോറം റേസ് 1 എന്ന രോഗാണു ഗ്രോസ് മൈക്കിൾ എന്ന ഇനത്തെ പൂർണമായി ഇല്ലാതാക്കി. ഈ ഇനത്തിൽ നിന്നും ഗവേഷകർ രൂപം നൽകിയ മറ്റൊരു ഇനമായിരുന്നു കാവൻഡിഷ്.
Discussion about this post