കോഴിക്കോട് : കോൺഗ്രസ് നേതാവും മുൻ എംപിയും ആയ ടി എൻ പ്രതാപനെതിരെ കോഴിക്കോട് മേഖലയിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ. ചതിയൻ ടി എൻ പ്രതാപനെ മലബാറിന് വേണ്ട എന്ന രീതിയിലാണ് ഫ്ലക്സുകൾ ഉയർന്നിട്ടുള്ളത്. നടക്കാവ് മേഖലയിലാണ് ടി എൻ പ്രതാപനെതിരായ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ എന്നും പ്രതാപനെതിരായ ഫ്ലക്സ് ബോർഡുകളിൽ പരാമർശം ഉണ്ട്. കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലബാറിന്റെ ചുമതല ടി എൻ പ്രതാപന് നൽകിയതിലെ പ്രതിഷേധമാണ് ഇത്തരത്തിൽ ഫ്ലക്സുകൾ ഉയർന്നതിന് കാരണമായിട്ടുള്ളത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ടി എൻ പ്രതാപനെ തഴഞ്ഞ് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതാപന് അസ്വാരസ്യമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം പ്രവർത്തിച്ചതായും കോൺഗ്രസ് ഘടകങ്ങളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ടി എൻ പ്രതാപനെതിരായി ഫ്ലക്സ് ബോർഡുകൾ ഉയർന്നിട്ടുള്ളത്.
Discussion about this post