അബുദാബി: റോബോട്ട് ഉപയോഗിച്ച് രോഗിയിലും ദാതാവിലും ഒരേ സമയം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. യുഎഇയിലാണ് സംഭവം. യുഎസിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിലെ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘവുമായി സഹകരിച്ചാണ് ശസ്ത്രക്രിയ നടന്നത്.
M42 ഗ്രൂപ്പിന്റെ ഭാഗമായ ക്ലീവ്ലാൻഡ് ക്ലിനിക്ക് അബുദാബിയിലാണ് ശസ്ത്രക്രിയ നടന്നത്. യുഎഇയുടെ ചരിത്രത്തിൽ ആദ്യമായാണ് റോബോട്ട് ഉപയോഗിച്ച് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്. ഒരേസമയം രോഗിയെയും ദാതാവിനെയും രണ്ട് ഓപ്പറേറ്റിംഗ് റൂമിലാക്കി. തുടർന്ന് കൃത്യത ഉറപ്പുവരുത്തുന്നതിനായി ഒരൊറ്റ റോബോട്ട് ഉപയോഗിച്ചാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
രോഗിയിലും ദാതാവിലും കുറഞ്ഞ മുറിവ്, കുറഞ്ഞ രക്തനഷ്ടം, വേഗത്തിൽ രോഗമുക്തി നേടൽ എന്നിവയുൾപ്പെടെയുള്ള നിരവധി ഗുണങ്ങൾ റോബോട്ടിക്സ് ശസ്ത്രക്രിയയ്ക്ക് ഉണ്ടെന്ന് ഈ രംഗത്തുന്നുള്ള വിദഗ്ധർ പറയുന്നു. യുഎഇയിലെ ആദ്യത്തെ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാന്റ് ആശുപത്രിയാണ് ക്ലീവ്ലാൻഡ് ക്ലിനിക്ക് അബുദാബി. വൃക്കമാറ്റി വയ്ക്കലിനുമപ്പുറം ഈ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആശുപത്രി ഇപ്പോൾ.
Discussion about this post