ന്യൂഡൽഹി : ഇനി മലേഷ്യയിലും ഇന്ത്യൻ അരി ലഭിക്കും. മലേഷ്യയിലേക്ക് അരി കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകി. രണ്ടുലക്ഷം ടൺ ബസുമതി ഇനത്തിൽ പെടാത്ത വെള്ള അരിയാണ് കയറ്റുമതി ചെയ്യുക. നാഷണൽ കോ-ഓപ്പറേറ്റീവ് എക്സ്പോർട്ട്സ് ലിമിറ്റഡിനാണ് അരി കയറ്റുമതിയുടെ ചുമതല.
2023 ജൂലൈ 20 മുതലാണ് ഇന്ത്യയിൽ നിന്നും ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നത്. ആഭ്യന്തര വിപണിയിൽ വെള്ള അരിയുടെ ആവശ്യം വർദ്ധിച്ചതിനെ തുടർന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം. ഇപ്പോൾ കയറ്റുമതി നിരോധനം പൂർണമായും പിൻവലിച്ചിട്ടില്ലെങ്കിലും മലേഷ്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക അനുമതിയാണ് നൽകിയിരിക്കുന്നത്.
മറ്റു രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പ്രത്യേക ഉത്തരവിലൂടെ കേന്ദ്രസർക്കാരിന് കയറ്റുമതിക്ക് അനുമതി നൽകാൻ കഴിയുന്നതാണ്. നേരത്തെ നേപ്പാൾ, കാമറൂൺ, ഫിലിപ്പീൻസ്, ഗ്വിനിയ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കും അരി കയറ്റുമതി നടത്താൻ കേന്ദ്രസർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു.
Discussion about this post