ന്യൂഡൽഹി: രാജ്യത്ത് വാഹന വിൽപ്പന മന്ദഗതിയിൽ. ഇതേ തുടർന്ന് ഷോറൂമുകളിൽ കോടിക്കണക്കിന് രൂപയുടെ വാഹനങ്ങൾ ആണ് കെട്ടിക്കിടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഉത്സവ സീസൺ ആയിട്ടും കാർ വിൽപ്പനയിൽ കാര്യമായ പുരോഗതിയില്ല.
ഫെഡറേഷൻ ഓഫ് ഓട്ടോ മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. 73,000 കോടി രൂപയുടെ ഏഴ് ലക്ഷം കാറുകളാണ് വിറ്റഴിയാതെ ഷോറൂമുകളിൽ കിടക്കുന്നത്. എല്ലാ വാഹന കമ്പനികളുടെയും അവസ്ഥ സമാനമാണ്. വിൽപ്പന മന്ദഗതിയിലായതോടെ കാറുകളുടെ ഉത്പാദനം കുറയ്ക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി- സുസുക്കി തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്തുകൊണ്ടാണ് എത്തരത്തിൽ വിൽപ്പന കുറയാൻ കാരണം എന്നതിന് കൃത്യമായ ഉത്തരം ഇല്ല. എങ്കിലും വാഹനം ഉപഭോക്താവിന്റെ കൈകളിൽ എത്താൻ സമയം എടുക്കുന്നതാണ് ഇതിലേക്ക് നയിച്ച പ്രധാന കാരണം എന്നാണ് വിലയിരുത്തൽ. നേരത്തെ 70 ദിവസത്തിനുള്ളിൽ കാർ ഡീലർമാരിൽ നിന്നും ഉപഭോക്താവിലേക്ക് എത്തിയിരുന്നു. എന്നാൽ ഇന്ന് 75 ദിവസം വരെ ഇതിന് ആവശ്യമാണ്.
കാലാവസ്ഥാ വ്യതിയാനവും വിൽപ്പനയെ ബാധിച്ചിട്ടുണ്ട് .അടുത്തിടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ച ശക്തമായ മഴയും വാഹനത്തിന്റെ വിൽപ്പന കുറയാൻ കാരണം ആയി.
അതേസമയം കാറുകൾ വിറ്റ് പോകാത്തതിനെ തുടർന്ന് ഡീലർമാർ വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വലിയ ഓഫറുകൾ പ്രഖ്യാപിക്കുക മാത്രമാണ് കാറുകൾ വിറ്റ് പോകാനുള്ള ഏകമാർഗ്ഗം എന്ന വിലയിരുത്തലിലാണ് ഡീലർമാർ. അതുകൊണ്ട് തന്നെ ഈ ഓണക്കാലത്ത് വമ്പൻ ഓഫറുകൾ ഡീലർമാർ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്.
Discussion about this post