ന്യൂഡൽഹി; മൂന്നാം തവണയും പ്രധാനമന്ത്രിയായി ചരിത്രത്തിൽ ഇടം പിടിച്ച് ജൈത്രയാത്ര തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന് പിൻഗാമിയായി ഇനി ആര് എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നുകേൾക്കുന്നുണ്ട്. പല ഉത്തരങ്ങളും അഭ്യൂഹങ്ങളും വർഷങ്ങളായി ഇതിനെ ചുറ്റിപ്പറ്റി വരുന്നുമുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച ഒരു സർവ്വ നടത്തിയിരിക്കുകയാണ് ദേശീയ മാദ്ധ്യമായ ഇന്ത്യ ടുഡേ.
ആഭ്യന്തരമന്ത്രി അമിത് ഷാ ആവും മോദിയ്ക്ക് ശേഷം പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നാണ് സർവ്വേ പറയുന്നത്. സർവേയിൽ ദക്ഷിണേന്ത്യയിലാണ് അമിത് ഷായ്ക്ക് ഏറ്റവുംകൂടുതൽ പിന്തുണ ലഭിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ സർവേയിൽ 31 ശതമാനം വോട്ടുകൾ അമിത് ഷാ നേടിയിട്ടുണ്ട്.രണ്ടാമതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മൂന്നാമതായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമാണ് സർവേയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
സർവേയിൽ പങ്കെടുത്ത 25 ശതമാനം ആളുകൾ അമിത് ഷായെ പിന്തുണയ്ക്കുമ്പോൾ 19 ശതമാനം ആളുകളാണ് യോഗി ആദിത്യനാഥിനെ പിന്തുണയ്ക്കുന്നത്. 13 ശതമാനം വോട്ടുകളാണ് നിതിൻ ഗഡ്കരിക്ക് ലഭിച്ചിരിക്കുന്നത്. അഞ്ചു ശതമാനം വീതം വോട്ടുകൾ നേടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും കൃഷി മന്ത്രി ശിവ്രാജ് സിങ് ചൗഹാനും ഇവർക്ക് പിന്നിലായുണ്ട്.
ഇന്ത്യ ടുഡേ 2023 ഓഗസ്റ്റ്, 2024 ഫെബ്രുവരി എന്നീ ഘട്ടങ്ങളിൽ നടത്തിയ സർവേയിൽ അമിത് ഷായ്ക്ക് ലഭിച്ച പിന്തുണ യഥാക്രമം 28%, 29% എന്നിങ്ങനെയായിരുന്നു.
Discussion about this post