ബംഗളൂരു; ഭാര്യയെ ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിക്കാത്തതിന് ഭർത്താവിനെതിരെ ക്രൂരത കുറ്റം ചുമത്തിയ സംഭവത്തിൽ ഹൈക്കോടതി സ്‌റ്റേ. പ്രസവശേഷം തന്നെ ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ ഭർത്താവ് സമ്മതിച്ചില്ലെന്ന ഭാര്യയുടെ പരാതി തികച്ചും നിസാരമാണെന്നും യുവാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്തുവെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രസവശേഷം ഭാര്യയെ ഫ്രഞ്ച് ഫ്രൈ കഴിക്കാൻ അനുവദിച്ചില്ല എന്ന കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 498 എ (ക്രൂരത) പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ഭർത്താവിനെതിരെ എന്തെങ്കിലും അന്വേഷണത്തിന് അനുമതി നൽകുന്നത് നിയമനടപടിയുടെ ദുരുപയോഗമായി മാറുകയും പ്രസക്തമായ സമയത്ത് ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ നൽകിയില്ല എന്ന ഭാര്യയുടെ ആരോപണം വലിയ പ്രശ്‌നമാവുകയും ചെയ്യും. അതിനാൽ ഭർത്താവിനെതിരായ എല്ലാ അന്വേഷണത്തിനും സ്റ്റേയെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി. കേസിൽ സഹകരിക്കുമെന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിനെത്തുടർന്ന് ഇയാൾക്ക് ജോലിക്കായി അമേരിക്കയിലേക്ക് പോകാനും കോടതി അനുമതി നൽകി.
ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ഐപിസി സെക്ഷൻ 498 എ പ്രകാരം ഭാര്യ പരാതി നൽകിയിരുന്നു. മാതാപിതാക്കൾക്കെതിരെയുള്ള അന്വേഷണം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
തങ്ങളുടെ കുഞ്ഞിന് ജന്മം നൽകിയ ഉടൻ തന്നെ ഫ്രഞ്ച് ഫ്രൈകളും ചോറും മാംസവും കഴിക്കാൻ അദ്ദേഹം അനുവദിച്ചില്ല’ എന്ന് അയാളുടെ ഭാര്യ പരാതിയിൽ ആരോപിച്ചു.അതേസമയം, തങ്ങളുടെ കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് അമേരിക്കയിൽ താമസിച്ച ആറ് വർഷത്തിനിടെ വീട്ടുജോലികളെല്ലാം ഭാര്യ തന്നെ ചെയ്യാൻ പ്രേരിപ്പിക്കാറുണ്ടെന്ന് ഭർത്താവ് വാദിച്ചു.
Discussion about this post