കീവ്: റഷ്യ യുക്രൈയിൻ സംഘർഷം അവസാനിപ്പിക്കാൻ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ പ്രസിഡൻ്റ് വ്ളോദിമിർ സെലൻസ്കി. ഈ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിച്ചിട്ടുണ്ടെന്നും സെലൻസ്കി അറിയിച്ചു. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാന നീക്കങ്ങളിൽ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും സെലൻസ്കി പറഞ്ഞു.
മോദിയുമായുള്ള ചർച്ചയെക്കുറിച്ച് വിശദീകരിക്കാൻ കീവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സെലൻസ്കി ഇക്കാര്യം തുറന്നു പറഞ്ഞത് . ഇന്ത്യ ഉടൻ സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി വ്യക്തമാക്കി. ഇന്ത്യ യുക്രെയിൻ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
റഷ്യ യുക്രൈയിൻ സംഘർഷം പരിഹരിക്കാനുള്ള നീക്കങ്ങളിൽ ഇന്ത്യയുടെ സഹകരണം യുക്രൈയിൻ പ്രസിഡൻ്റ് മോദിയുടെ സന്ദർശന വേളയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇരു രാജ്യങ്ങളും സമാധാനത്തിനുള്ള ക്രിയാത്മക വഴികൾ തേടണമെന്ന് നരേന്ദ്ര മോദി നിർദ്ദേശിച്ചു. സാംസ്കാരിക രംഗത്തും, ഊർജ്ജ മേഖലയിലും ഉള്ള സഹകരണം മെച്ചപ്പെടുത്താനുള്ള നാല് കരാറുകളിൽ ഇന്ത്യയും യുക്രൈയിനും ഒപ്പു വച്ചു
Discussion about this post